ഏപ്രിൽ ഒന്നിന് വൈകിട്ടാണ് മുംബൈ സ്വദേശി സുഷിൽ നര്‍സിയാന്‍ ഓല ടാക്സി ബുക്കുചെയ്തത്. പക്ഷേ കൂട്ടാനെത്തിയ സ്വിഫ്റ്റ് ഡിസയർ കാറിന്റെ ഡ്രൈവറുടെ ഫോൺ ഓഫായി പോയതിനാൽ റൈഡ് ക്യാൻസലായി. എന്നാൽ പിന്നീട് വന്ന മെസേജ് കണ്ട് സുഷിലിന്‍റെ കണ്ണുതള്ളി. ഓല അക്കൗണ്ടിൽ നിന്ന് ഈടാക്കിയ 127 രൂപ കിഴിച്ചുള്ള ബാക്കി തുക അടയ്ക്കണമെന്നായിരുന്നു മെസേജ്. അടയ്ക്കേണ്ട തുക കണ്ടാണ് സുഷീലിന്‍റെ ബോധം പോയത്. 149 കോടി രൂപയായിരുന്നു ബാക്കി തുക!

കൃത്യമായി പറഞ്ഞാല്‍ 1491051648 രൂപയാണ് ചെയ്യാത്ത യാത്രയ്ക്ക് സുഷീലിന് ബില്ല് വന്നത്. ഏപ്രിൽ ഒന്നിനായിരുന്നതുകൊണ്ട് ഏപ്രിൽ ഫൂള്‍ ആയിരിക്കുമെന്നാണ് ആദ്യം കരുതിയെങ്കിലും ബിൽ അടയ്ക്കാതെ പുതിയ റൈഡ് ബുക്ക് ചെയ്യാൻ സാധിക്കില്ല എന്ന് വന്നതോടെയാണ് സംഗതിയുടെ കിടപ്പ് സുഷിലിന് മനസിലായത്.

ചെയ്യാത്ത 300 മീറ്റർ യാത്രയ്ക്ക് വന്ന 149 കോടിയുടെ ബില്ല് സുഷിൽ ട്വീറ്റ് ചെയ്തതോടെയാണ് വിഷയം സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുന്നത്. തുടര്‍ന്ന് വിശദീകരണവുമായി ഓല രംഗത്തെത്തി. സാങ്കേതിക പ്രശ്നങ്ങളാലാണ് ഇങ്ങനെ സംഭവിച്ചതെന്നും രണ്ടു മണിക്കൂറിലൂള്ളിൽ അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ട 127 രൂപ തിരിച്ചു നൽകുമെന്നും ഓല പറയുന്നു. കൂടാതെ 1491051648 സ്പെഷ്യൽ വൗച്ചർ കോഡും സുഷിലിന് ഓല നൽകിയിട്ടുണ്ട്.