രാജ്യത്തുണ്ടാകുന്ന വാഹനാപകടങ്ങളില്‍ ഭൂരിഭാഗവും അമിത വേഗത കൊണ്ടുണ്ടാകുന്നതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ നിരന്തര ബോധവല്‍ക്കരണം നടത്തിയാലും ആളുകളില്‍ പലരും അമിതവേഗപ്രിയരാണ്. റോഡിലിറങ്ങിയാല്‍ അവര്‍ എല്ലാം മറക്കുന്നു. അത്തരക്കാര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒരു വീഡിയോയാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ഹൈദരബാദിലെ ബന്‍ജാര ഹില്‍സിലായിരുന്നു ഈ ഞെട്ടിക്കുന്ന അപകടം. മുഫാഖംജാ കോളജ് ഓഫ് എന്‍ജിനീയറിങ് ആന്റ് സയന്‍സിലെ വിദ്യാര്‍ഥികളായ ഫര്‍ഷാഹത് അലി, ദാനിഷ് ജാവേദ്, വെയസ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചയ്ക്കു ലഞ്ചുബ്രേക്കിന്റെ സമയത്തു ഫര്‍ഷാഹതിന്റെ ഹ്യൂണ്ടേയ് ഐ 20യില്‍ ഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങിയ വിദ്യാര്‍ഥികള്‍ അമിതവേഗത്തില്‍ തിരിച്ച് കോളേജിലേയ്ക്ക് പോകുന്ന വഴിക്കായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറില്‍ കയറി ശേഷം തലകുത്തനെ മറിയുകയായിരുന്നുവെന്ന് ദ ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

മൂന്നു വട്ടമാണ് കാര്‍ മലക്കം മറിഞ്ഞത്. കാര്‍ ഓടിച്ചിരുന്ന ഫര്‍ഷാഹദ് അലി എന്ന വിദ്യാര്‍ത്ഥി തല്‍ക്ഷണം മരിച്ചു. തലയ്ക്കേറ്റ പരുക്കുകളായിരുന്നു അപകട കാരണം. ഒരാള്‍ക്ക് ഗുരുത പരിക്കേറ്റെന്നും മറ്റൊരാള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

എന്തായാലും അപകടത്തിനു ശേഷം പുറത്തു വന്ന ചില സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. അപകടം നടന്ന റോഡിന്‍റെ ഇരുവശങ്ങളിലുമുള്ള കടകളില്‍ സ്ഥാപിച്ചിരുന്ന ക്യമാറകളിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്. അമിത വേഗതയില്‍ പാഞ്ഞെത്തിയ കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുന്നതും കരണം മറിയുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം.