പയ്യന്നൂർ: കായലും പുഴകളും എടനാടന്‍ ചെങ്കല്‍ക്കുന്നുകളും മലയോരങ്ങളുമൊക്കെ നിറഞ്ഞ മനോഹരമായ ദേശമാണ് പയ്യന്നൂര്‍. തെയ്യത്തിന്‍റെയും പൂരക്കളിയുടെയുമൊക്കെ ശീലുകള്‍ ഉറങ്ങുന്ന ദേശം. പ്രാദേശിക അറിവും കാഴ്‍ചകളും ഗ്രാമീണ ഭംഗിയുമൊക്കെ തേടി സഞ്ചാരികള്‍ എത്തുന്ന ഈ കാലത്ത് പയ്യന്നൂരിന്‍റെ ടൂറിസം സാധ്യതകളെ സര്‍ഗ്ഗാത്മകമായി പ്രയോജനപ്പെടുത്താനൊരുങ്ങുകയാണ് നാട്ടുകാര്‍.  അതിനായി ഒരു സഹകരണ സംഘമാണ് ഇവിടെ പ്രവര്‍ത്തനം തുടങ്ങുന്നത്. പയ്യന്നൂർ ടൂറിസം കോ ഓപ്പറേറ്റീവ്  സൊസൈറ്റി എന്നാണ് കൂട്ടായ്‍മയുടെ പേര്. 

പയ്യന്നൂരിലെയും പരിസരപ്രദേശങ്ങളിലെയും പ്രകൃതിരമണീയമായ കാഴ്ചകളിലേക്ക് സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരംഭിച്ച വിവിധ നാടുകളിലേക്കുള്ള ടൂർ പാക്കേജുകൾ നടത്തുക, മലബാറിലെ അന്യംനിന്നുപോകുന്ന കലകളെയും കലാകരന്മാരെയും ഉയർത്തിക്കൊണ്ടുവരികയും പരിപോഷിപ്പിക്കുകയും ചെയ്യുക, ടൂറിസ്റ്റുകൾക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയവയാണ് പയ്യന്നൂർ ടൂറിസം കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രധാന ലക്ഷ്യങ്ങൾ. പൗരാണിക കാലം മുതലുള്ള കാര്‍ഷിക അനുബന്ധ ഉപകരണങ്ങളും മറ്റും സൂക്ഷിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും മ്യൂസിയവും പൂരക്കളി, മറത്തുകളി, കോല്‍ക്കളി തുടങ്ങിയ കലാരൂപങ്ങളുടെ അവതരണത്തിന് കള്‍ചറല്‍ തിയേറ്റര്‍, കള്‍ചറല്‍ പഠന കേന്ദ്രങ്ങള്‍ തുടങ്ങിയവയും സൊസൈറ്റി ലക്ഷ്യമിടുന്നുണ്ട്. 

ഉത്തരവാദിത്ത ടൂറിസത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സൊസൈറ്റിയുടെ പ്രസിഡന്‍റ് ടി ഐ മധുസൂദനനാണ്. ഓഫീസ് പയ്യന്നൂർ സഹകരണാസ്പത്രിക്ക്‌ സമീപമാണ് സൊസൈറ്റിയുടെ ഓഫീസ്. സൊസൈറ്റി കഴിഞ്ഞ ദിവസം മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്‍തു.