പയ്യന്നൂര്‍: സംസ്ഥാനത്ത് ഒരു ദിവസം ഏകദേശം നൂറോളം വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് കണക്ക്. അപകടങ്ങളിൽപ്പെടുന്നതിലേറെയും ഇരുചക്ര വാഹനയാത്രക്കാരാണ്. ശരാശരി 11 പേർ നിത്യേന നിരത്തുകളിൽ കൊല്ലപ്പെടുന്നു. ഇതിൽ 50 ശതമാനത്തോളവും ഇരുചക്ര വാഹന അപകടങ്ങളിലാണ് സംഭവിക്കുന്നത്. കൂടാതെ ഏകദേശം നൂറ്റമ്പതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്യുന്നുണ്ട്. അമിത വേഗതയും അശ്രദ്ധയുമൊക്കെയാണ് ഈ അപകടങ്ങളുടെയൊക്കെ പ്രധാന കാരണം.

ഈ സാഹചര്യത്തില്‍ ഇന്നു രാവിലെ നടന്ന ഒരു ബൈക്കപകടത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ശ്രദ്ധേയമാകുകയാണ്. കണ്ണൂര്‍ പയ്യന്നൂരിനടുത്ത് പെരിങ്ങോം പൊന്നമ്പാറയില്‍ നടന്ന അപകടത്തിന്‍റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ ഈ അപകടത്തില്‍ രണ്ട് യുവാക്കള്‍ക്കാണ് ജീവന്‍ നഷ്‍ടമായത്. 

തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ പയ്യന്നൂര്‍ - ചെറുപുഴ  റൂട്ടില്‍ പൊന്നമ്പാറ വച്ചായായിരുന്നു അപകടം. പാടിയോട്ടുചാല്‍ കരിപ്പോട് സ്വദേശി അഖിലേഷ് (22), പെരിങ്ങോം സ്വദേശി രാഹുൽ രമേശ് (22) എന്നിവരാണ് മരിച്ചത്. ഇരുവശങ്ങളില്‍ നിന്നും വന്ന രാഹുൽ  ഓടിച്ച റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റും അഖിലേഷിന്‍റെ ബജാജ് പള്‍സറുമാണ് പരസ്പരം കൂട്ടിയിടിച്ചത്. ഇരുവരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. കൂട്ടിയിടിയില്‍ ഇരു ബൈക്കുകളും പൂര്‍ണമായും തകര്‍ന്നു. 

അമിത വേഗതയിലായിരുന്നു രണ്ട് ബൈക്കുകളുമെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഇതിനെ ശരിവയ്ക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. സമീപത്തെ വ്യാപാരസ്ഥാപനത്തിന്‍റെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ ചീറിപ്പാഞ്ഞെത്തുന്ന ബൈക്കുകള്‍ നേര്‍ക്കു നേരെ കൂട്ടിയിടിക്കുന്നത് വ്യക്തമായി കാണാം. യാത്രികര്‍ വായുവില്‍ ഉയര്‍ന്നു പൊങ്ങി റോഡിലേക്ക് വീഴുന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.