ഒറ്റചാര്‍ജില്‍ 600 കിലോമീറ്റര്‍ ഓടാന്‍ സാധിക്കുന്ന സ്വയം നിയന്ത്രിത കാര്‍ കണ്‍സെപ്റ്റുമായി പ്യൂഷെ
ഒറ്റചാര്‍ജില്‍ 600 കിലോമീറ്റര്‍ ഓടാന്‍ സാധിക്കുന്ന സ്വയം നിയന്ത്രിത കാര്‍ കണ്‍സെപ്റ്റുമായി പ്യൂഷെ. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പാരീസ് മോട്ടോര്‍ ഷോയിലാണ് പൂര്‍ണമായും ഇലക്ട്രിക്ക് കരുത്തിലോടുന്ന ഇ-ലെജന്റ് കണ്‍സെപ്റ്റ് കമ്പനി ആദ്യമായി പ്രദര്‍ശിപ്പിച്ചത്.
ഇലക്ട്രിക് മോട്ടോറിനൊപ്പം 100kWh ബാറ്ററിയാണ് ഇ-ലെജന്റിന്റെ ഹൃദയം. 456 ബിഎച്ച്പി പവറും 800 എന്‍എം ടോര്‍ക്കും ഇതുല്‍പ്പാദിപ്പിക്കും. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം പിന്നിടാന്‍ കേവലം നാല് സെക്കന്‍ഡുകള്‍ മാത്രം മതി. മണിക്കൂറില്‍ 220 കിലോമീറ്ററാണ് വാഹനത്തിന്‍റെ പരമാവധി വേഗം. ഒറ്റച്ചാര്‍ജില്‍ 600 കിലോമീറ്റര്‍ ദൂരം നിഷ്പ്രയാസം ഓടിച്ചെല്ലാനും ഇ-ലെജന്റിന് സാധിക്കും. 500 കിലോമീറ്റര്‍ ദൂരം പിന്നിടാനുള്ള ചാര്‍ജ് 25 മിനിറ്റിനുള്ളില്‍ ബാറ്ററിയില്‍ സംഭരിക്കാം. ഇതിനായി ഫോര്‍ വീല്‍ ഡ്രൈവില്‍ മാനുവല്‍, ഓട്ടോമാറ്റിക്കിലായി നാല് ഡ്രൈവിങ് മോഡുകളുമുണ്ട്.
1960-കളില്‍ വിപണിയിലുണ്ടായിരുന്ന 504 കൂപ്പെയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് റെട്രോ സ്‌റ്റൈലിലാണ് വാഹനത്തിന്റെ ഡിസൈന്‍. അത്യാഡംബരത്തിലാണ് അകത്തളം. കോണോടുകോണ്‍ ചേര്‍ന്നുള്ള ഡിസൈനിലാണ് സ്റ്റിയറിങ് വീല്‍. ശബ്ദത്തിനനുസൃതമായി പ്രവര്‍ത്തിക്കുന്ന പേഴ്‌സണല്‍ അസിസ്റ്റന്‍സ് സംവിധാനം സ്വയം സ്വയന്ത്രിത വാഹനത്തിന്‍റെ മറ്റൊരു പ്രധാനപ്രത്യേകതയാണ്. ശബ്ദ നിര്‍ദ്ദേശങ്ങളിലൂടെ ഡ്രൈവര്‍ക്ക് പാട്ട് വയ്ക്കാനും ഇലക്ട്രിക് ഡോര്‍ തുറക്കാനും അടയ്ക്കാനുമെല്ലാം സാധിക്കും. പതിനേഴ് ഭാഷകള്‍ ഈ സംവിധാനത്തില്‍ ഉപയോഗപ്പെടുത്താം.
4650 എംഎം നീളവും 1930 എംഎം വീതിയും 1370 എംഎം ഉയരവും 2690 എംഎം വീല്‍ബേസും ഇ-ലെജന്റിനുണ്ട്. 504-നെ ഓര്‍മ്മപ്പെടുത്തി ഒരു ടു ഡോര്‍ ഫോര്‍ സീറ്ററാണ് കണ്‍സെപ്റ്റ്. അതേമസയം ഇ-ലെജന്റിന്റെ പ്രൊഡക്ഷന്‍ മോഡലിനെ സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
