ഇന്ത്യയിലെത്തിച്ചിട്ടുള്ള എല്ലാ വാണിജ്യ വാഹനങ്ങളുടെയും ബിഎസ്-6 എന്‍ജിന്‍ മോഡല്‍ അവതരിപ്പിച്ച് ഇറ്റലിയിലെ പിയാജിയോ ഗ്രൂപ്പിന്റെ സബ്‌സിഡറിയായ പിയാജിയോ വെഹിക്കിള്‍സ് ഇന്ത്യ ലിമിറ്റഡ്.

കമ്പനിയുടെ ത്രിചക്ര വാഹനങ്ങളെല്ലാം മലിനീകരണം പരമാവധി കുറക്കാന്‍ സഹായകമാം വിധം ഭാരത് സ്റ്റേജ് (ബിഎസ്) 6 മാനദണ്ഡത്തില്‍ ലഭ്യമായി തുടങ്ങി. എല്ലാ ത്രിചക്ര വാഹനങ്ങളും ബിഎസ് 6 ആക്കുന്ന ഇന്ത്യയിലെ പ്രഥമ ത്രിചക്രവാഹന നിര്‍മാതാക്കളെന്ന് പേരിന് ഉടമയായിരിക്കുകയാണ് പിയാജിയോ.

എല്ലാ ഉല്‍പ്പന്നങ്ങളും ബിഎസ് 6 മാനദണ്ഡത്തില്‍ വിപണിയിലിറക്കുന്ന രാജ്യത്തെ പ്രഥമ ത്രിചക്ര വാഹന നിര്‍മാതാക്കളാകാന്‍ കഴിഞ്ഞതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് പിയാജിയോ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഡിയഗോ ഗ്രാഫി പറഞ്ഞു.

‘ദി ഫെര്‍ഫോര്‍മന്‍സ് റെയ്ഞ്ച്’ എന്ന നാമകരണത്തോടെ ഡീസല്‍, സിഎന്‍ജി, എല്‍പിജി വാഹനങ്ങള്‍ കമ്പനി ഇതോടൊപ്പം വിപണിയില്‍ എത്തിച്ചിട്ടുണ്ട്. 7 കിലോ വാട്ട് കരുത്തും 23.5 എന്‍എം ടോര്‍ക്കും പ്രദാനം ചെയ്യുന്ന 599 സിസി എഞ്ചിനാണ് പുതിയ ഡീസല്‍ വാഹനങ്ങളുടേത്. 5-സ്പീഡ് ഗിയര്‍ ബോക്‌സും പുതിയ അലുമിനിയം ക്ലച്ചും വാഹനത്തിന്റെ ചരക്ക് വഹിക്കാനുള്ള ശേഷിയും വേഗതയും വര്‍ധിപ്പിക്കാന്‍ സഹായകമാണ്.  കൂടാതെ, സി.എന്‍.ജി., എല്‍.പി.ജി. ഓട്ടോറിക്ഷകളില്‍ 230 സി.സി. 3-വാള്‍വ് ഹൈ-ടെക് എന്‍ജിനാണ് ഘടിപ്പിച്ചിട്ടുള്ളത്. ശബ്ദം കുറഞ്ഞ അനായാസമായ യാത്ര ഇതുവഴി സാധ്യമാകുന്നു.

ഇവയുടെ ക്യാബിന്‍ വലുപ്പവും ഉയരവും കൂടിയതാണ്. അതുകൊണ്ടു തന്നെ ഡ്രൈവര്‍ക്ക് സൗകര്യപ്രദമായി ജോലിചെയ്യാന്‍ കഴിയും. പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിയതോടെ ത്രിചക്ര ചരക്ക്-യാത്രാ വാഹനങ്ങളുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയിരിക്കയാണ് പിയാജിയോ. പുതിയ ബിഎസ്6 ശ്രേണിയുടെ എക്‌സ്-ഷോറൂം വില ഡീസലിന് അതേ മോഡലിന്‍റെ നിലവിലെ ബിഎസ്4-നെക്കാള്‍ 45,000 രൂപയും ഇതര ഇന്ധന മോഡലുകള്‍ക്ക് ആണെങ്കില്‍ 15,000 രൂപയും കൂടുതലായിരിക്കും.