പോണ്ടിച്ചേരി വാഹന രജിസ്ട്രേഷൻ കേസിൽ നടനും എംപിയുമായ സുരേഷ് ഗോപിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. സമാനകേസിൽ അഞ്ചു ദിവസത്തിനകം നടൻ ഫഹദ് ഫാസിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയും ഇന്ന് നിർദ്ദേശിച്ചു. നടി അമല പോളും സമാന കുറ്റകൃത്യത്തിന് നിയമക്കുരുക്കിലാണ്.

ഒക്ടോബര്‍ അവസാനവാരം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എല്‍ഡിഎഫ് ജനജാഗ്രതായാത്രയില്‍ നടത്തിയ വിവാദകാര്‍ യാത്രയോടെയാണ് പോണ്ടിച്ചേരി രജിസ്ട്രേഷന്‍ നികുതി വെട്ടിപ്പിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ സജീവ ചര്‍ച്ചയാകുന്നത്. പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള മിനി കൂപ്പര്‍ ആഢംബര്‍ കാറിലായിരുന്നു കോടിയേരിയുടെ വിവാദ യാത്ര.

പോണ്ടിച്ചേരിയിലെ വിലാസത്തിൽ 2010 ലും 2016 ലുമായി രണ്ട് ഓഡി കാറുകളാണ് സുരേഷ് ഗോപി രജിസ്റ്റർ ചെയ്തത്. ഇതുവഴി സര്‍ക്കാരിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടമുണ്ടായെന്നാണ് കേസ് . പോണ്ടിച്ചേരിയിലെ ഒരു ഫ്ലാറ്റിന്‍റെ മേല്‍വിലാസമാണ് വാഹനങ്ങള്‍ രജിസ്തര്‍ ചെയ്യാൻ സുരേഷ് ഗോപി നല്‍കിയത് . എന്നാൽ ഈ വീട്ടിൽ സുരേഷ് ഗോപി താമസിച്ചിട്ടില്ലെന്ന് കണ്ടെത്തിയതോടയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ക്രൈ ബ്രാഞ്ച് കേസെടുത്തത് . പോണ്ടിച്ചേരിയിൽ വാടയയ്ക്കെടുത്ത വീടിന്‍റെ മേല്‍വിലാസത്തിലാണ് വാഹന റജിസ്ട്രേഷന്‍ എന്ന് സുരേഷ് ഗോപി മൂന്നു മണിക്കൂര്‍ നീണ്ട ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യലിൽ പറഞ്ഞു. പുതുച്ചേരിയിൽ കൃഷി ഭൂമിയുണ്ടെന്നും ഇതിന്‍റെ രേഖകള്‍ ഹാജരാക്കാമെന്നും അറിയിച്ചു . ഐജി ശ്രീജിത്തിൻറെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.

റജിസ്ട്രേഷനായി സുരേഷ് ഗോപി സമര്‍പ്പിച്ച നോട്ടറി ഒപ്പിട്ട രേഖകളും എല്‍.ഐ.സി ബില്ലും ക്രൈംബാഞ്ച് ശേഖരിച്ചിട്ടുണ്ട് . രേഖകള്‍ പരിശോധിച്ച ശേഷം ക്രൈബ്രാഞ്ച് തുടര്‍ നടപടിയെടുക്കും. കേസിൽ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവുണ്ട് . സമാനമായ കേസിൽ നടൻ ഫഹദ് ഫാസിലിന് ജാമ്യം അനുവദിച്ച ആലുപ്പുഴ സെഷൻസ് കോടതി അഞ്ചു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജകാൻ നിർദ്ദേശിച്ചു. ചോദ്യം ചെയ്യലിന് ശേഷം രണ്ടു ആള്‍ ജാമ്യത്തിൽ വിട്ടയക്കണം. ഇന്ത്യക്ക് പുറത്തുപോകണമെങ്കിൽ തിരുവനന്തപുരം സിജെഎം കോടതിയുടെ അനുമതി വാങ്ങണമെന്നും കോടതി നിർദ്ദേശിച്ചു.

20 ലക്ഷം രൂപക്ക് മുകളില്‍ വിലയുള്ള ആഢംബര കാറുകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ നിയമപ്രകാരം 20 ശതമാനത്തോളം നികുതി അടക്കേണ്ടി വരും. ഇതൊഴിവാക്കാനാണ് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. 20 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള ഏത് കാറിനും 55,000 രൂപയാണ് പോണ്ടിച്ചേരിയില്‍ ഫ്ളാറ്റ് ടാക്സ്. മിക്ക ആംഢംബര കാറുകളും രജിസ്റ്റര്‍ ചെയ്യുവാന്‍ കേരളത്തില്‍ 14-15 ലക്ഷം രൂപ വരെ നികുതിയിനത്തില്‍ നല്‍കേണ്ടി വരുമ്പോള്‍ പുതുച്ചേരിയില്‍ ഏകദേശം ഒന്നരലക്ഷം രൂപ നല്‍കിയാല്‍ മതിയാകും.

അതേസമയം കേരളത്തിലെ റോഡ് നികുതി വെട്ടിക്കാൻ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്യുന്ന ആഡംബര വാഹനങ്ങളുടെ എണ്ണത്തിൽ വൻ ഇടിവ് വന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കേരളം കര്‍ശന നടപടികള്‍ സ്വീകരിച്ചതോടെ കഴിഞ്ഞ മാസം കേരളത്തിൽ നിന്നു താൽക്കാലിക പെർമിറ്റെടുത്ത ഒരു ആഡംബര കാർ പോലും പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സാധാരണ ഗതിയിൽ പോണ്ടിച്ചേരിയിൽ പ്രതിമാസം 20 ആഢംബര വാഹനങ്ങളെങ്കിലും രജിസ്റ്റർ ചെയ്യാറുണ്ട്. ശരാശരി ഒരു കോടിക്കു മുകളിൽ വിലയുള്ളവയാണ് ഇവയില്‍ പലതും. ഇതിൽ പകുതിയോളം കേരളത്തിൽ നിന്നായിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം മുതല്‍ കേരളത്തിൽ നിന്നുള്ള വരവു നിലച്ചതോടെ പത്തിൽ താഴെ ആഢംബര വാഹനങ്ങൾ മാത്രമാണ് ഇവിടെ രജിസ്ട്രേഷനെത്തിയത്.