ആഡംബര കാറിന് നികുതിയടച്ചത് 60 ലക്ഷം

പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്‍ത ആഡംബര കാറിന് നികുതിയിനത്തില്‍ കഴിഞ്ഞ ദിവസം സംസ്ഥാനത്തിനു ലഭിച്ചത് 60 ലക്ഷം രൂപ. പെരുമ്പാവൂര്‍ സബ്‌ റീജിണല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസിലാണ്‌ നികുതി അടച്ചത്‌.

പോണ്ടിച്ചേരി വാഹനങ്ങളുടെ നികുതി സ്വീകരിച്ചതില്‍ ഏറ്റവും അധികം തുകയാണിത്. പി വൈ 01 ഇക്യൂ 369 ബെന്‍റ്ലി ആഡബര കാറുടമയാണ് ഇത്രയും തുക നികുതിയായി അടച്ചത്. പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തിലോടുന്ന അഡംബര വാഹനങ്ങള്‍ക്കെതിരെ കഴിഞ്ഞ കുറച്ചുകാലമായി ശക്തമായ നടപടികളാണ് അധികൃതര്‍ സ്വീകരിക്കുന്നത്.

ഏപ്രില്‍ 30നു ശേഷം എറണാകുളത്ത്‌ ഡിമാന്‍ഡ്‌ നോട്ടീസ്‌ അയച്ചിട്ടുള്ള ഇതര സംസ്‌ഥാനവാഹനങ്ങളുടെ പരിശോധന കര്‍ശനമാക്കുമെന്ന്‌ മോട്ടോര്‍ വാഹന വകുപ്പ്‌ വ്യക്തമാക്കി. കേരളത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കാൽ ലക്ഷത്തിലേറെ കാറുകൾ ഈ രീതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെൽ. നികുതി വെട്ടിച്ച 2356 ആഡംബര വാഹനങ്ങളുടെ പട്ടിക നിലവില്‍ മോട്ടോർവാഹന വകുപ്പ് തയാറാക്കി. ഇതിനു പുറമേ, ഏകദേശം 23,000 ഇടത്തരം കാറുകളും ഇങ്ങനെ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണു ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍.

മോട്ടോര്‍ വെഹിക്കിള്‍സ്‌ ഇന്‍സ്‌പെക്‌ടറുടെ വിശദമായ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍, കേരളത്തില്‍ സ്‌ഥിരമായി ഓടിക്കുന്ന നികുതി അടയ്‌ക്കാത്ത ഇതര സംസ്‌ഥാനവാഹനങ്ങളുടെ പേരില്‍ ജപ്‌തിനടപടികള്‍ സ്വീകരിക്കും.

2017 ഒക്ടോബര്‍ അവസാനവാരം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എല്‍ഡിഎഫ് ജനജാഗ്രതായാത്രയില്‍ നടത്തിയ വിവാദകാര്‍ യാത്രയോടെയാണ് പോണ്ടിച്ചേരി രജിസ്ട്രേഷന്‍ നികുതി വെട്ടിപ്പിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ സജീവ ചര്‍ച്ചയാകുന്നത്. പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള മിനി കൂപ്പര്‍ ആഢംബര്‍ കാറിലായിരുന്നു കോടിയേരിയുടെ വിവാദ യാത്ര.

തുടര്‍ന്ന് ചലച്ചിത്രതാരങ്ങളായ ഫഹദ് ഫാസിൽ, സുരേഷ്ഗോപി, അമലാപോൾ എന്നിവർക്കെതിരെ നികുതി വെട്ടിപ്പിന് നടപടികൾ എടുത്തിരുന്നു. ഫഹദ് ഫാസില്‍ 17.68 ലക്ഷം രൂപ നികുതി അടച്ചിരുന്നു. സുരേഷ്ഗോപി എംപിയെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. അമലാപോളിനെതിരെയുള്ള കേസ് ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ്.