അബുദാബി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യുഎഇ സന്ദര്‍ശനത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. യുഎഇയിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തെ ലക്ഷ്യമാക്കി കുതിക്കുന്ന അത്യാഡംബരങ്ങളായ അകമ്പടി വാഹനങ്ങളുടെ നീണ്ട നിര. കുതിച്ചുപായുന്ന അശ്വാരൂഢരായ സൈന്യഗണം. നീലാകാശത്ത് വ്യോമസേനയുടെ വിവിധ തരത്തിലുള്ള അഭ്യാസപ്രകടനങ്ങള്‍. ഇതിനിടയിലൂടെ പതിയെ നിങ്ങുന്ന ഒരു പാവം കുഞ്ഞന്‍ കാറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. 

അത്യാഡംബര വാഹനങ്ങളെ ഒഴിവാക്കി പാപ്പ വന്നിറങ്ങിയത് കൊറിയൻ വാഹന നിർമാതാക്കളായ കിയയുടെ കുഞ്ഞന്‍ കാറായ സോളിലായിരുന്നു. അത്യാഡംബര വാഹനങ്ങള്‍ മുന്നിലും പിന്നിലുമായി സുരക്ഷയൊരുക്കുമ്പോഴാണ് വത്തിക്കാന്‍ സിറ്റിയില്‍നിന്ന് നേരത്തെയെത്തിച്ച ഈ കുഞ്ഞന്‍ കാറിലെ മാര്‍പാപ്പയുടെ സഞ്ചാരമെന്നതാണ് കൗതുകം. പാപ്പയുടെ അകമ്പടി വാഹനങ്ങളെക്കാൾ വിലയും വലുപ്പവും കുറഞ്ഞ  ഈ കുഞ്ഞന്‍ വാഹനവും ഫ്രാന്‍സിസ് മാര്‍പാപ്പയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. 

വലിപ്പത്തില്‍ മാത്രമല്ല വിലയുടെ കാര്യത്തിലും സോള്‍  ഒരു പാവത്താനാണ്. ഏകദേശം 50,000 ദിര്‍ഹമാണ് നാല് പേര്‍ക്ക് മാത്രം ഇരിക്കാവുന്ന ഹാച്ച് ബാക്ക് മോഡലായ സോളിന്‍റെ യുഎഇയിലെ വില. വെള്ള നമ്പര്‍ പ്ലേറ്റില്‍ എസ്‍സിവി 1 ആണ് മാര്‍പാപ്പയുടെ ഈ കുഞ്ഞന്‍ കാറിന്‍റെ നമ്പര്‍. 2008 പാരീസ് ഓട്ടോ ഷോയില്‍ അവതരിപ്പിക്കപ്പെട്ട സോളിന്‍റെ രണ്ടാം തലമുറയാണ് ഇപ്പോല്‍ നിരത്തിലുള്ളത്. കാറിലിരുന്ന് കൈവീശി പുറത്തുള്ളവരെ അഭിവാദ്യം ചെയ്‍താണ് അദ്ദേഹം അബുദാബി നിരത്തുകളിലൂടെ നീങ്ങിയത്.

ജീവിതലാളിത്യംകൊണ്ട്‘ജനങ്ങളുടെ പാപ്പ’എന്നു വിശേഷിക്കപ്പെടുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ഇത് മൂന്നാം തവണയാണ് യാത്രയ്ക്കായി കിയ സോളിനെ തിരഞ്ഞെടുക്കുന്നത്. 2014ൽ സൗത്ത് കൊറിയൻ സന്ദർശനത്തിലും 2015ൽ ഉഗാണ്ടൻ സന്ദർശനത്തിലും ഇതേ വാഹനത്തില്‍ തന്നെയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യാത്ര. 

മുമ്പ് ഇറ്റാലിയന്‍ വാഹനനിര്‍മാതാവ്  സമ്മാനിച്ച ആഡംബര കാറായ ലാംബോര്‍ഗിനി ലേലത്തില്‍ വിറ്റ് ആ തുക സേവനപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തീരുമാനിച്ചതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ലളിതജീവിതം നയിക്കാന്‍ അനുയായികളോട് ആവശ്യപ്പെടുന്ന മാര്‍പാപ്പ സ്വന്തം യാത്രകളിലും അത് പ്രകടമാക്കുന്നതാണ് ശ്രദ്ധേയമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.