ഇന്ത്യയുടെ ഗതാഗത ചരിത്രം ആസ്പദമാക്കി നിര്‍മിച്ച സ്റ്റാംപുകള്‍ ഇന്ത്യന്‍ തപാല്‍ വകുപ്പ് പുറത്തിറക്കി. യാത്രാ ഉപാധികള്‍ യുഗങ്ങളിലൂടെ എന്ന് പേരിട്ടിരിക്കുന്ന 20 സ്റ്റാംപുകളടങ്ങുന്ന ശേഖരത്തില്‍ പല്ലക്ക്, മൃഗങ്ങള്‍ വലിക്കുന്ന വണ്ടികള്‍ , ഓട്ടോറിക്ഷ, വിന്റേജ് കാറുകള്‍, മെട്രോ റയില്‍ തുടങ്ങിയവയെല്ലാമുണ്ട്.

ഇന്ത്യയിലെ ഏക ട്രാന്‍സ്പോര്‍ട്ട് മ്യൂസിയമായ ഹരിയാനയിലെ ഗുര്‍ഗാവിലുള്ള ഹെറിറ്റേജ് ട്രാന്‍സ്‍പോര്‍ട്ട് മ്യൂസിയത്തില്‍ വച്ചാണ് ഈ സ്റ്റാംപ് ശേഖരം തപാല്‍ വകുപ്പ് പുറത്തിറക്കിയത്. സ്റ്റാംപുകളുടെ സാക്ഷാത്കാരത്തില്‍ ഹെറിറ്റേജ് ട്രാന്‍സ്‍പോര്‍ട്ട് മ്യൂസിയം മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. ഇരുപത് സ്റ്റാംപുകളില്‍ 15 എണ്ണത്തില്‍ കാണുന്ന ചിത്രങ്ങള്‍ ഈ മ്യൂസിയത്തിലെ വാഹനങ്ങളുടേതാണ്. ഇന്ത്യയിലെയും വിദേശത്തെയും സ്റ്റാംപ് ശേഖര തല്‍പ്പരരെയും ഒരുപോലെ ആകര്‍ഷിക്കാന്‍ ഗതാഗതചരിത്രം വിവരിക്കുന്ന സ്റ്റാംപുകള്‍ക്ക് കഴിയും.