വിദ്യാര്‍ത്ഥിനിയോടു അപമര്യാദയായി പെരുമാറിയ സ്വകാര്യ ബസ് കണ്ടക്ടറുടെ ലൈസന്‍സ് ആര്‍ടിഒ സസ്‍പെന്‍ഡ് ചെയ്‍തു

തിരുവനന്തപുരം: വിദ്യാര്‍ത്ഥിനിയോടു അപമര്യാദയായി പെരുമാറിയ സ്വകാര്യ ബസ് കണ്ടക്ടറുടെ ലൈസന്‍സ് ആര്‍ടിഒ സസ്‍പെന്‍ഡ് ചെയ്‍തു. കഴിഞ്ഞ ദിവസം ആറ്റിങ്ങലിലായിരുന്നു സംഭവം. കടയ്‍ക്കാവൂര്‍- ആറ്റിങ്ങല്‍-കല്ലറ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടര്‍ വിനോദാണ് വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയത്.

ഞായറാഴ്ച ഉച്ചയ്ക്ക് ആറ്റിങ്ങലില്‍ നിന്നും ബസില്‍ കയറിയ പെണ്‍കുട്ടിയോട് ഇയാള്‍ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. കടവിളയില്‍ ഇറങ്ങണമെന്ന് പറഞ്ഞ പെണ്‍കുട്ടിയെ അവിടെയിറക്കാതെ ബസ് മുന്നോട്ടു പോയെന്നു പറയുന്നു. പിന്നീട് ബസ് നിര്‍ത്തിയെങ്കിലും പെണ്‍കുട്ടി ഇറങ്ങുന്നതിനു മുമ്പ് ബസ് മുന്നോട്ടെടുത്തുവെന്നും നിലത്തേക്കു വീഴാന്‍ തുടങ്ങിയപ്പോള്‍ ബെല്ലടിച്ചു നിര്‍ത്തിയ കണ്ടക്ടര്‍ അസഭ്യം പറഞ്ഞെന്നുമാണ് പരാതി. തുടര്‍ന്നാണ് ആര്‍ടിഒയുടെ നടപടി. സംഭവം ചൂണ്ടിക്കാട്ടി പെണ്‍കുട്ടി പൊലീസിലും പരാതി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.