ചരക്ക് സേവന നികുതി നിലവിൽവന്നതോടെ ഫ്രഞ്ച് നിർമാതാക്കളായ റെനോയും ഇന്ത്യയിലെ വാഹന വില കുറച്ചു. വാഹന വിലയിൽ ഏഴു ശതമാനം വരെ ഇളവാണ് റെനോ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ റെനോ ഇന്ത്യയുടെ മോഡലുകൾക്ക് 5,200 രൂപ മുതൽ 1.04 ലക്ഷം രൂപ വരെ വില കുറഞ്ഞു.
എൻട്രി ലവൽ ഹാച്ച്ബാക്കായ ക്വിഡ് ക്ലൈംബർ എ എം ടിയുടെ വില 5,200 മുതൽ 29,500 രൂപ വരെയാണ് കുറഞ്ഞത്. എസ് യു വി ഡസ്റ്ററിന്റെ ആർ എക്സ് സെഡ് ഓൾ വീൽ ഡ്രൈവിന്റെ വില 30,400 രൂപ മുതൽ 1,04,700 രൂപ വരെ കുറഞ്ഞിട്ടുണ്ട്. വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ലോജി സ്റ്റെപ്വേ ആർ എക്സ് സെഡിന് 25,700 മുതൽ 88,600 രൂപ വരെ കുറഞ്ഞിട്ടുണ്ട്.
ജി എസ് ടി നടപ്പായതോടെ ലഭിച്ച ആനുകൂല്യം പൂർണമായി ഉപയോക്താക്കൾക്കു കൈമാറാൻ കമ്പനി തീരുമാനിക്കുകയായിരുന്നെന്ന് റെനോ ഇന്ത്യ ഓപ്പറേഷൻസ് കൺട്രി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ സുമിത് സാഹ്നി അറിയിച്ചു. ഒറ്റ രാജ്യം, ഒറ്റ നികുതി സംവിധാനം എന്ന സാഹചര്യം ഉറപ്പാക്കാൻ ലക്ഷ്യമിട്ടു നടപ്പാക്കിയ ജി എസ് ടി വൻ നേട്ടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
