കൊച്ചി: സര്‍ക്കാർ ലൈസന്‍സോടെ കാർ വാടകയ്ക്ക് നൽകുന്ന സംവിധാനം സംസ്ഥാനത്ത് വ്യാപകമാകുന്നു. ചെറുകാർ മുതൽ ആഡംബര കാർ വരെ വാടകയ്ക്ക് ലഭിക്കും. 600 രൂപയാണ് കുറഞ്ഞ പ്രതിദിന വാടക.
കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഡ്രൈവറുടെ സേവനം ഒഴിവാക്കി, പോകേണ്ട സ്ഥലങ്ങളിലേക്ക് സ്വന്തമായി കാറോടിച്ച് പോകാം. എവിഎസിന് പിന്നാലെ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാൻസ് കാർസ് എന്ന കമ്പനി കൂടി റെന്‍റ് എ കാർ സേവനം ആരംഭിച്ചു. ചെറുകാർ മുതൽ മേഴ്സിഡസ് ബെൻസ്, ജാഗ്വാർ, ഔഡി തുടങ്ങിയ ആഡംബര വാഹനങ്ങളും ട്രാൻസ് കാർസ് കാബ് ശ്രേണിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാരുതി വാഗണർ പോലുള്ള ചെറു കാറുകൾക്ക് 600 രൂപയാണ് പ്രതിദിന വാടക. എന്നാൽ ബെൻസ് എസ് ക്ലാസിലെത്തുമ്പോൾ വാടക 20,000 രൂപയായി ഉയരും. 5 ശതമാനം ജിഎസ്‍ടിയും നൽകണം.
ഡ്രൈവിഗ് ലൈൻസിന്‍റെ പകർപ്പിനൊപ്പം ഐഡി കാർഡിന്‍റെ അറ്റസ്റ്റഡ് കോപ്പിയും റെന്‍റ് എഗ്രിമെന്‍റും ഒപ്പ് വച്ചാൽ കാർ വാടകയ്ക്ക് ലഭിക്കും. 100 കിലോ മീറ്ററാണ് ഒരു ദിവസം ഓടിക്കാവുന്ന പരമാവധി ദൂരം. ഇതിന് പുറമേയുള്ള ഓരോ കിലോമീറ്ററിനും അധിക തുക നൽകേണ്ടി വരും. റെന്‍റ് എ കാർ പെട്ടെന്ന് തിരിച്ചറിയുന്നതിനായി കറുപ്പിൽ മഞ്ഞ അക്കങ്ങളോടെയായിരിക്കും കാറുകളുടെ നന്പർ പ്ലേറ്റ്. കാറുകളടെ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമായി ജിപിഎസ് അടക്കമുള്ള സംവിധാനങ്ങളും റെന്‍റ് എ കാർ കന്പനികൾ ഓരോ കാറിലും സജ്ജമാക്കിയിട്ടുണ്ട്.
