റിയാദ്: സൗദിയിൽ വാഹനം ഓടിക്കുന്നവർ ഇനിമുതല്‍ സൂക്ഷിച്ചില്ലെങ്കില്‍ എട്ടിന്‍റെ പണികിട്ടുമെന്നുറപ്പ്. വാഹനങ്ങളുടെ അമിത വേഗം നിരീക്ഷിക്കാന്‍ പുതിയ സംവിധാനവുമായെത്തുകയാണ് സൗദിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി പ്രത്യേക സംവിധാനങ്ങളോടു കൂടിയ 150 ഓളം വാഹനങ്ങളാണ് സൗദി നിരത്തുകളില്‍ ഇറക്കുകയെന്നാണ് സൂചന.

ഡ്രൈവര്‍മാര്‍ക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം സാധാരണ വാഹനങ്ങളിലാണ് നിരീക്ഷണ സംവിധാനം ഒരുക്കിയിരിക്കുന്നതെന്നതാണ് പ്രത്യേകത.  11 കിലോമീറ്റര്‍ മുതല്‍ 20 കിലോമീറ്റര്‍ വരെ ദൂരരെയുള്ള വാഹനങ്ങളുടെ വേഗതയും മറ്റും നിരീക്ഷിക്കാന്‍ കഴിയുന്ന അത്യാധുനിക ക്യാമറകളാണ് 150 ഓളം നിരീക്ഷണ വാഹനങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്. രാവും പകലും വാഹങ്ങളെ നിരീക്ഷിക്കുന്നതിനായി ഇവ സജ്ജമായിരിക്കും. സാധാരണ വാഹനമായതിനാൽ ഡ്രൈവര്‍മാര്‍ക്ക് നിരീക്ഷണ വാഹനത്തെ തിരിച്ചറിയാനും കഴിയില്ല.

അപകടങ്ങള്‍ കുറയ്ക്കാനും അമിത വേഗതക്ക് നിയന്ത്രണമുള്ള സ്ഥലങ്ങളില്‍ വേഗത കുറയ്ക്കാനുമാണ് ട്രാഫിക് അതോരിറ്റി ലക്ഷ്യമിടുന്നത്. ഗുരുതര അപകടങ്ങൾ വരുത്തുന്നവർക്ക് കടുത്ത ശിക്ഷ നൽകുന്നതിനായി അടുത്തിടെ ട്രാഫിക് നിയമം പരിഷ്‌കരിച്ചിരുന്നു.