ദില്ലി: 2030-ഓടെ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്‍നപദ്ധതി. ഈ പദ്ധതിക്ക് കരുത്തു പകര്‍ന്ന് വാഹന നിര്‍മാതാക്കളുടെ കൂട്ടായ്മയായ സിയാം. 2030-ഓടെ രാജ്യത്ത് പുതുതായി ഇറക്കുന്ന വാഹനങ്ങളില്‍ 40 ശതമാനവും ഇലക്ട്രിക് ആക്കുകയും 60 ശതമാനം ഹൈബ്രിഡ് അല്ലെങ്കില്‍ ഹരിത ടെക്‌നോളജിയില്‍ ഉള്ളതാക്കാനുമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് സിയാം വ്യക്തമാക്കി. ഇതുസംബന്ധിച്ച് സിയാം കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കി.

2047 ആകുന്നതോടെ രാജ്യത്ത് പുതുതായി പുറത്തിറങ്ങുന്ന വാഹനങ്ങള്‍ പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറുമെന്നും പൊതുഗതാഗത രംഗത്തുള്ള വാഹനങ്ങള്‍ക്ക് 2030-ഓടെ പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറാന്‍ സാധിക്കുമെന്നും സിയാം വ്യക്തമാക്കി. 2047-ല്‍ ഇന്ത്യ നൂറാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ രാജ്യം പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറാന്‍ സജ്ജമാകുമെന്നാണ് സിയാം കണക്കുകൂട്ടുന്നത്.