പുതിയ ബെൻസ് കാര്‍ സ്വന്തമാക്കി മലയാളത്തിന്റെ പ്രിയ ഗായിക

ഏനുണ്ടോടീ അമ്പളിച്ചന്തം എന്നു പാടി കണ്ണാരം പൊത്തിപൊത്തി മലയാളി ഹൃദയങ്ങള്‍ കീഴടക്കിയ ഗായികയാണ് സിതാര കൃഷ്‍ണകുമാര്‍. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഒരുപിടി മികച്ച ഗാനങ്ങൾ മലയാളത്തിന് സമ്മാനിച്ച പ്രിയ ഗായിക പുതിയ ബെൻസ് കാര്‍ സ്വന്തമാക്കിയിരിക്കുന്നു. മെഴ്സഡീസ് ബെൻസിന്റെ പുതിയ ജിഎൽസി എസ് യുവിയാണ് സിതാര സ്വന്തമാക്കിയത്.

കൊച്ചിയിലെ ബെൻസ് ഡീലർഷിപ്പായ രാജശ്രീ മോട്ടോഴ്സിൽ നിന്നാണ് സിതാര പുതിയ ബെന്‍സ് സ്വന്തമാക്കിയത്. ഗായിക വാഹനം സ്വന്തമാക്കിയ ചടങ്ങും വേറിട്ടതായി. ഷോറൂമിലെത്തിയ ഗായികയെ അവരുടെ തന്നെ പാട്ടുകള്‍ കൊണ്ട് ഓര്‍ക്കസ്ട്ര ഒരുക്കി സ്വീകരിച്ചാണ് രാജശ്രീ മോട്ടോഴ്‍സ് അമ്പരപ്പിച്ചത്. 

അരക്കോടി രൂപയിലധികം വിലയുള്ള വാഹനത്തില്‍ ആഡംബരത്തിനു പുറമെ സ്ഥല സൗകര്യവും സുരക്ഷിതവും സുഖകരവുമായ യാത്രയും ഓഫ്റോഡിങ് ശേഷിയും ഇന്ധനക്ഷമതയുമൊക്കെ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. പെട്രോൾ ഡീസൽ പതിപ്പുകളിലുള്ള ജിഎല്‍സിയെ ബെൻസ് സി–സിക്ലാസിന് തുല്യമായ എസ്‌യുവി എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്.

ഡീസൽ എൻജിൻ ഉപയോഗിക്കുന്ന 220 ഡി മോ‍ഡലിൽ 2143 സിസി ഇൻലൈൻ നാല് സിലിണ്ടർ എൻജിനാണ് ഹൃദയം. 170 ബിഎച്ച്പി കരുത്തും 400 എൻഎം ടോർക്കും ഈ എൻജിന്‍ ഉല്‍പ്പാദിപ്പിക്കും. മണിക്കൂറില്‍ 210 കിലോമീറ്റര്‍ വരെ വേഗതയില്‍ വാഹനം കുതികുതിക്കും. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ‌ വെറും 8.3 സെക്കന്റ് മാത്രം മതി.

പെട്രോൾ മോഡലില്‍ 1991 സിസി എൻജിനാണ് കരുത്തുപകരുന്നത്. 180 ബിഎച്ച്പി കരുത്തും 370 എൻഎം ടോർക്കും ഈ എഞ്ചിന്‍ സൃഷ്‍ടിക്കും. ഈ എഞ്ചിന്‍ മണിക്കൂറില്‍ 222 കിലോമീറ്റര്‍ വേഗതയില്‍ വരെ വാഹനത്തെ കുതിപ്പിക്കും. 50.40 ലക്ഷം മുതൽ 54.50 ലക്ഷം രൂപ വരെയാണ് ജിഎൽസിയുടെ വിവിധ വകഭേദങ്ങള്‍ക്ക് കൊച്ചി എക്സ്ഷോറൂം വില.