ഒരു ബൈക്കിന്‍റെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തി ഏഷ്യാനെറ്റ് ന്യൂസ് സംഘം കൊല്ലത്തെ ഒരു വാഹന പുക പരിശോധ കേന്ദ്രത്തിലെത്തി. പുക പരിശോധിക്കാൻ വാഹനം കൊണ്ടുവന്നിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ ഫോട്ടോ മാത്രം മതി പുതിയ സര്‍ട്ടിഫിക്കറ്റ് തരാമെന്നായി നടത്തിപ്പുകാരൻ.

വാട്‍സ് ആപ്പില്‍ മതിയോ എന്ന് ചോദിച്ചപ്പോള്‍ ബ്ലൂ ടൂത്തില്‍ മതിയെന്നായിരുന്നു മറുപടി. നിമിഷങ്ങള്‍ക്കകം പുതിയ വാഹനപുക സര്‍ട്ടിഫിക്കറ്റ് റെഡി. രണ്ട് വാഹനങ്ങളുടെ നമ്പര്‍ പേപ്പറില്‍ എഴുതി കൊണ്ടുവന്നവര്‍ക്കും പുതിയ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.

വാഹന ഉടമയോട് വണ്ടി കൊണ്ടുവരാതെ കിട്ടുമോ എന്ന് ചോദിച്ചപ്പോള്‍ ഇവിടെ സ്ഥിരം എടുക്കുന്നതാണെന്നും അ‍‍ഡ്‍ജസ്റ്റ് ചെയ്ത് എടുക്കുമെന്നും നമ്പറും കിലോമീറ്ററും കൊടുത്താല്‍ മതിയെന്നും മറുപടി. അടുത്തതായി എത്തിയ സ്കൂള്‍ വാഹനം ഒന്ന് പരിശോധിക്കപോലും ചെയ്യാതെ നടത്തിപ്പുകരാൻ ഇറങ്ങിച്ചെന്ന് ഫോട്ടോയെടുത്ത് ഉടൻ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കാഴ്‍ചയും കണ്ടു.

ഒരു വാഹനം പുക പരിശോധന കേന്ദ്രത്തിലെത്തിച്ച ശേഷം പ്രത്യേക യന്ത്രം ഘടിപ്പിച്ച് ആറ് പ്രാവശ്യം ആക്സിലേറ്റര്‍ കൂട്ടി റെഗുലേഷൻ പെര്‍ മിനിട്ട് അഥവാ ആര്‍പിഎമ്മിന്‍റെ തോത് അനുസരിച്ചാണ് പുക സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. അര മണിക്കൂര്‍ വരെ നീളുന്നതാണ് ഈ പ്രക്രിയ. ആര്‍സി ബുക്കിന്‍റെ കോപ്പിയും നല്‍കണം

പക്ഷേ ഞങ്ങള്‍ പോയ ഒരു പരിശോധന കേന്ദ്രത്തിലും ഇതൊന്നും നടക്കുന്നില്ല. പരിശോധന യന്ത്രം പലയിടത്തും പൊടിയെടുത്ത് തുരുമ്പിച്ച് കിടക്കുന്നു. ഒരു വാഹനത്തില്‍ നിന്നും വരുന്ന കാര്‍ബണിന്‍റെ അളവ് 65 ശതമാനത്തില്‍ കൂടാൻ പാടില്ലെന്നാണ് നിയമം. പക്ഷേ ഇവിടെയെല്ലാം തോന്നുന്നപോലെ

ഈ തട്ടിപ്പ് പരിശോധിക്കേണ്ട മോട്ടോര്‍വാഹന വകുപ്പ് ഇക്കാര്യത്തില്‍ ഒരു നടപടിയും എടുക്കുന്നില്ല. സംസ്ഥാന വാഹന പുക പരിശോധന അസോസിയേഷനും ഈ തട്ടിപ്പ് സ്ഥിരീകരിക്കുന്നു. പരിശോധനകള്‍ വെറും ചടങ്ങുകള്‍ ആയി മാറുന്നതാണ് ഇത്തരം തട്ടിപ്പ് സംഘങ്ങളെ വളര്‍ത്തുന്നത്. ഇത്തരക്കാരെ ഇനിയും തുടരാൻ അനുവദിച്ചാല്‍ കടുത്ത പാരിസ്ഥിക പ്രത്യാഘാതമായിരിക്കും ഭാവിയില്‍ നാം നേരിടേണ്ടി വരിക.