ഹൈബ്രിഡ് വാഹനങ്ങള്‍ക്കുള്ള ഫെയിം സബ്സിഡി കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ഹൈബ്രിഡ്, പ്ലഗ് ഇന്‍ ഹൈബ്രിഡ്, സമ്പൂര്‍ണ ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയ്ക്ക് മാത്രമാണ് ഇനി ഫെയിം സബ്‌സിഡി ലഭിക്കുക. ഇതോടെ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് വിലകൂടിയേക്കും. മാരുതി എര്‍ട്ടിഗ, മാരുതി സിയാസ് തുടങ്ങിയ മോഡലുകളുടെ ഓണ്‍റോഡ് വില കൂടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇലക്ട്രിക് , ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് സബ്സിഡി നല്‍കുന്ന ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്റ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആന്റ് ഇലക്ട്രിക് വെഹിക്കിള്‍സ് (ഫെയിം) 2015 ലാണ് രൂപീകരിച്ചത്. പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ വഴി അന്തീരക്ഷ മലിനീകരണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലായിരുന്നു ഇലക്ട്രിക് മൊബിലിറ്റി മിഷന്‍ പദ്ധതിയുടെ ഭാഗമായി ഫെയിമിന്‍റെ രൂപീകരണം.

എര്‍ട്ടിഗ , സിയാസ് മോഡലുകള്‍ക്ക് 13,000 രൂപ സബ്‍സിഡിയാണ് ലഭിച്ചിരുന്നത്. ഇത് എക്സ്‍ഷോറൂം വിലയില്‍ ഡിസ്കൗണ്ട് ആയാണ് നല്‍കിയിരുന്നത്. അതുകൊണ്ടുതന്നെ ഈ മോഡലുകള്‍ക്ക് നിലവിലുള്ള എക്സ്‍ഷോറൂം വിലയില്‍ മാറ്റമുണ്ടാകാനിടയില്ല.