ജാപ്പനീസ് നിർമാതാക്കളായ സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യയുടെ ഗീയർ രഹിത സ്കൂട്ടറായ ലെറ്റ്സിന്റെ പുതിയ പതിപ്പ് പുറത്തിറക്കി. ഇരട്ടവര്‍ണങ്ങളിലാണ് വാഹനം വിപണിയിലെത്തുന്നത്. ഓറഞ്ച് — മാറ്റ് ബ്ലാക്ക്, ഗ്ലാസ് സ്പാർക്ൾ ബ്ലാക്ക്, റോയൽ ബ്ലൂ — മാറ്റ് ബ്ലാക്ക്, തുടങ്ങിയ നിറക്കൂട്ടുകളിലാണു പുത്തന്‍ ലെറ്റ്സിനെ സുസുക്കി അവതരിപ്പിച്ചത്.
മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല് നിലവാരം പാലിക്കുന്നതാണ് സുസുക്കി ലെറ്റ്സ്. 112.8 സി സി, ഫോർ സ്ട്രോക്ക് എൻജിനാണ് ലെറ്റ്സിനു കരുത്തു പകരും. എസ് ഇ പി സാങ്കേതികവിദ്യയോടെ എത്തുന്ന എൻജിൻ മികച്ച യാത്രാസുഖവും ഉറപ്പു നൽകുന്നെന്നാണ് സുസുക്കിയുടെ വാഗ്ദാനം. ഇരട്ട വർണ സങ്കലനം കൂടിയാവുന്നതോടെ സ്‍കൂട്ടറിന്‍റെ പകിട്ടും സ്വീകാര്യതയും ഏറുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ജി എസ് ടി നടപ്പായതോടെ 48,193 രൂപയാണു പുതിയ ലെറ്റ്സിനു ഡൽഹി ഷോറൂമിൽ വില.
ഹോണ്ട ആക്ടിവയും ടിവിഎസ് സ്‍കൂട്ടി സെസ്റ്റുമാണ് ലെറ്റ്സിന്‍റെ മുഖ്യ എതിരാളികള്‍.
