മുംബൈ: വാഹന പ്രേമികൾ ഏറെ പ്രതീക്ഷയോടെ  കാത്തിരിക്കുന്ന ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ അൾട്രോസ് ഒന്നാം യൂണിറ്റ് ടാറ്റ മോട്ടോഴ്‌സ് പൂനെയിലെ പ്ലാന്റിൽ നിന്ന് പുറത്തിറക്കി. ഇംപാക്റ്റ് ഡിസൈൻ 2.0 ഭാഷയിൽ രൂപകൽപ്പന ചെയ്ത രണ്ടാമത്തെ വാഹനമായ  ആൽ‌ട്രോസ്, പുതിയ ആൽ‌ഫ ആർക്കിടെക്ച്ചറിൽ  ആദ്യമായി വികസിപ്പിച്ചെടുത്ത വാഹനം കൂടിയാണ്.  2020 ജനുവരിയിൽ അള്‍ട്രോസ് വിപണിയിലെത്തും.ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ, അഡ്വാൻസ്ഡ് പ്ലാറ്റ്ഫോം, ആവേശകരമായ പ്രകടനം, സ്മാർട്ട് ടെക്നോളജി എന്നിവ അടിസ്ഥാമാക്കി വിപണിയിലെത്തുന്ന അൾട്രോസ് പ്രീമിയം ഹാച്ച്ബാക്കുകളുടെ  വിഭാഗത്തിൽ ഗോൾഡ് സ്റ്റാൻഡേർഡ് കരസ്ഥമാക്കികൊണ്ട് ഈ വിഭാഗത്തിൽ ചരിത്രം സൃഷ്ടിക്കുമെന്നാണ് ടാറ്റ മോട്ടോഴ്സിന്റെ പ്രതീക്ഷ.

“ടാറ്റയുടെ  പൂനെ പ്ലാന്റിൽ  നിന്ന് മറ്റൊരു ക്ലാസ് ഉൽപ്പന്നം പുറത്തിറക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. പുതിയ ആൽ‌ഫ പ്ലാറ്റ്‌ഫോമിൽ  പുറത്തിറക്കുന്ന  ഞങ്ങളുടെ ആദ്യത്തെ ഉൽ‌പ്പന്നമാണ് ആൽ‌ട്രോസ്. ഇത് 2020 ൽ പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെൻറിലുടനീളം വാഹനങ്ങൾക്കുള്ള പരിധി ഉയർത്തുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. 2018 ൽ ആശയം അവതരിപ്പിച്ചതുമുതൽ, വാഹനപ്രേമികളിൽ ആൽ‌ട്രോസിന് വളരെ ഉയർന്ന പ്രതീക്ഷയാനുള്ളത്. നിലവിൽ ഈ സെഗ്മെന്റിൽ ഒരു പടി ഉയർന്നു നിൽക്കുന്ന സ്മാർട്ട് സവിശേഷതകളോടും,  ഫ്യൂച്ചറിസ്റ്റ് ഡിസൈനിലുമെത്തുന്ന അൾട്രോസിനെ ഉപയോക്താക്കൾ വിലമതിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു."  പ്ലാന്റിൽ നിന്ന്‌ അൾട്രോസിന്റെ ആദ്യ യൂണിറ്റ് പുറത്തിറങ്ങുന്നവേളയിൽ ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മായങ്ക് പരീക്ക് പറഞ്ഞു.

45 എക്‌സ് കൺസെപ്റ്റ് മോഡലെന്ന നിലയിൽ ടാറ്റ മോട്ടോഴ്‌സ് ആദ്യമായി 2018 ഫെബ്രുവരിയിൽ ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച വാഹനം,  തുടർന്ന് 2018 മാർച്ചിൽ ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോയിലും പ്രദർശിപ്പിച്ചിരുന്നു.  ഫ്യൂച്ചറിസ്റ്റ് ഡിസൈനും അതിശയകരമായ പ്രൊഫൈലും കൊണ്ട് ഇരു ഷോകളിലും  45 എക്‌സ് കൺസെപ്റ്റ് പ്രേക്ഷകരെ അമ്പരപ്പിച്ചു.  ആശയം യാഥാർത്ഥ്യത്തിലേക്ക് വഴിമാറിക്കൊണ്ട്  ടാറ്റ മോട്ടോഴ്സ് 2019 മാർച്ചിൽ ജനീവ ഇന്റർനാഷണൽ മോട്ടോർസ് ഷോയിൽ വെച്ച് ആൽ‌ട്രോസ് ലോകത്തിന് അനാച്ഛാദനം ചെയ്തിരുന്നു.