രാജ്യത്തെ ആദ്യ ബയോ-സിഎന്‍ജി (ബയോ-മീഥൈന്‍) ബസ് ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിച്ചു. ലഘു വാണിജ്യ(എൽ സി വി), ഇടത്തരം വാണിജ്യ(ഐ സി വി), മീഡിയം വാണിജ്യ വാഹന(എം സി വി) വിഭാഗങ്ങളിൽ ഉപയോഗിക്കാവുന്ന 5.7 എസ് ജി ഐ, 3.8 എസ് ജി ഐ എൻജിനുകളാണു കമ്പനി രൂപകൽപ്പന ചെയ്തത്. വര്‍ധിച്ചുവരുന്ന പരിസ്ഥിതി മലിനീകരണം കണക്കിലെടുത്ത് 2030 ഓടെ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തില്‍ നിന്നും ഒഴിവാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനത്തിനു കരുത്തുപകരുന്നതാണ് ടാറ്റയുടെ പുതിയ നീക്കങ്ങള്‍.

കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയങ്ങള്‍ സംഘടിപ്പിച്ച ജൈവ ഊർജ പ്രദർശനമായ ഊർജ ഉത്സവിലാണു ടാറ്റ മോട്ടോഴ്സ് പുതിയ മൂന്ന് എൻജിനുകൾ പ്രദർശിപ്പിച്ചത്. മാതൃകയായി 5.7 എസ് ജി ഐ എൻ എ ബി എസ് ഫോർ ഐ ഒ ബി ഡി — ടു നിലവാരമുള്ള ടാറ്റ എൽ പി ഒ 1613 ബസ്സും കമ്പനി അവതരിപ്പിച്ചു. നിലവിൽ പുണെ മഹാനഗർ പരിവഹൻ മഹാമണ്ഡൽ ലിമിറ്റഡി(പി എം പി എം എൽ)നൊപ്പം സർവീസ് നടത്തുന്ന ടാറ്റ എൽ പി ഒ 1613 ബസ് ആണ് ബയോ മീതെയ്ൻ ഇന്ധനത്തോടെ കമ്പനി പ്രദർശിപ്പിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയില്‍ ബയോ-മീഥൈന്‍ ബസ് സര്‍വീസ് ആരംഭിക്കുന്ന ആദ്യ സിറ്റിയെന്ന ബഹുമതി പൂണെ സ്വന്തമാക്കി.

ബയോ-സിഎന്‍ജി ഊര്‍ജം സംഭരിച്ച് ഓടാന്‍ ഈ എഞ്ചിനുകള്‍ക്ക് കഴിയും. 123 ബിഎച്ച്പി കരുത്തും 405 എന്‍എം ടോര്‍ക്കും ഈ എഞ്ചിനുകള്‍ക്കുണ്ട്. പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ക്ക് സമാനമായി ബിഎസ് ഫോര്‍ നിലവാരവും പുലര്‍ത്തും. പ്രകൃതിയിലെ ജൈവ മാലിന്യങ്ങളില്‍ നിന്ന് വിഘടിച്ചാണ് ബയോ-മീഥൈന്‍ രൂപപ്പെടുക. ഈ വാതകം ഉപയോഗിച്ചാണ് ബയോ-സിഎന്‍ജി എഞ്ചിന്‍ കരുത്താര്‍ജിക്കുന്നത്.

പൂര്‍ണമായും പരിസ്ഥിതി സൗഹാര്‍ദമാണെന്നതു കതൂടാതെ ഇന്ധന ചെലവും ഗണ്യമായി കുറയ്ക്കാന്‍ ബയോ മീഥൈന്‍ ബസുകള്‍ക്ക് സാധിക്കും. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആദ്യ ബയോ മീഥൈന്‍ ബസ് ഫ്ലാഗ് ഓഫ് ചെയ്‍തു.