എയ്‍സിന്‍റെ പുതിയ വകഭേദം എയ്‌സ് ഗോള്‍ഡ് ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കി

രാജ്യത്തെ മിനി ട്രക്ക് വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച എയ്‍സിന്‍റെ പുതിയ വകഭേദമായ എയ്‌സ് ഗോള്‍ഡ് ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കി. പുത്തൻ സൗകര്യങ്ങളും 3.75 ലക്ഷം രൂപയെന്ന ആകർഷക വിലയുമായാണ് ‘എയ്സ് ഗോൾഡ്’ വിപണിയിലെത്തുന്നത്.

ഒരു ടണ്ണില്‍ താഴെ ഭാരവാഹക ശേഷിയുള്ള മിനി ട്രക്കായ എയ്‌സ് ഗോള്‍ഡിനു കരുത്തേകുന്നത് 702 സി സി, ഡി ഐ ഡീസല്‍ ഐ ഡി ഐ എന്‍ജിനാണ്. മുഴുവൻ സമയ ബ്രേക്ക്ഡൗൺ അസിസ്റ്റൻസ് പ്രോഗ്രാം, സൗജന്യ ഇൻഷുറൻസ് സഹിതം ലോയൽറ്റി പ്രോഗ്രാം, സമയബന്ധിതമായ അറ്റകുറ്റപ്പണി തുടങ്ങിയവയൊക്കെ സഹിതമാണു ടാറ്റ മോട്ടോഴ്സ് ‘എയ്സ് ഗോൾഡ്’ വിൽപ്പനയ്ക്കെത്തിക്കുന്നത്.

പുറത്തിറങ്ങി 12 വർഷത്തിനിടയില്‍ എൻജിനിലും ബോഡി ഘടനയിലുമൊക്കെ നിരവധി മാറ്റങ്ങൾ വരുത്തിയ എയ്‍സിന്‍റെ 15 വകഭേദങ്ങളാണ് ഇതുവരെ പുറത്തിറങ്ങിയത്. കഴിഞ്ഞ ഡിസംബറില്‍ എയിസിന്‍റെ മൊത്തം വില്‍പ്പന 20 ലക്ഷം പിന്നിട്ടിരുന്നു. നിരത്തിലെത്തി ഒരു വ്യാഴവട്ടത്തിനുള്ളിലാണ് ഈ നേട്ടം.

ലഘു വാണിജ്യ വാഹന വിപണിയിലേക്ക് 2005ലാണു ടാറ്റ മോട്ടോഴ്സ് എയ്‍സിനെ അവതരിപ്പിച്ചത്. പുത്തൻ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയായിരുന്നു വാഹനത്തിന്‍റെ പിറവി. പിന്നീട് ഇങ്ങോട്ടുള്ളതൊക്കെ ചരിത്രം. രാജ്യത്ത് ഓരോ മൂന്നു മിനിറ്റിലും ഓരോ പുത്തൻ എയ്സ് നിരത്തിലിറങ്ങുന്നുണ്ടെന്നാണ് കമ്പനിയുടെ കണക്കുകൾ.

ഇപ്പോള്‍ ചരക്ക് വാഹന വിഭാഗത്തിൽ എയ്സ്, സിപ്, മെഗാ, മിന്റ് എന്നിവയും യാത്രാവാഹന വിഭാഗത്തിൽ മാജിക്, മന്ത്ര, ഐറിസ് എന്നിവയും ചേരുന്നതാണ് നിലവിലെ എയ്‍സ് വാഹന നിര. എയ്സിന്റെ വിജയം കണ്ടാണ് അശോക് ലേയ്‍ലാൻഡ് ദോസ്തിന്‍റെയും മഹീന്ദ്ര ജീത്തൊയുടെയും പിറവിയെന്നത് മറ്റൊരു ചരിത്രം.

അവസാന മൈൽ കണക്ടിവിറ്റിയുടെ സാധ്യത പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടു വിപണിയിലെത്തിയതു മുതൽ എയ്സ് പുതിയ ബിസിനസ് അവസരങ്ങളും തൊഴിവസരങ്ങളും സൃഷ്ടിച്ചിട്ടുണ്ടെന്നാണു ടാറ്റ മോട്ടോഴ്സിന്റെ അവകാശവാദം. 1,800 സർവീസ് പോയിന്റുകളും സജ്ജീകരിച്ചിട്ടുണ്ടെന്നും ഓരോ 60 കിലോമീറ്ററിലും സർവീസ് സൗകര്യം ലഭ്യമാണെന്നാണു കമ്പനിയുടെ വാഗ്ദാനം.