മുംബൈ: കമ്പനിയുടെ ചരിത്രത്തിലെ നിർണ്ണായക വഴിത്തിരിവുകൾ സൃഷ്ടിച്ച വർഷമായിരുന്നു 2018 എന്ന് ടാറ്റ മോട്ടോഴ്‍സ്. മികച്ച മുന്നേറ്റത്തോടെയാണ് ടാറ്റാ മോട്ടോഴ്സ് 2018 ന് തുടക്കം കുറിച്ചതെന്ന് കമ്പനിയുടെ പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് പ്രസിഡണ്ട് മായങ്ക് പരീഖ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. സമ്പദ് വ്യവസ്ഥയിലെ ചില പ്രശ്നങ്ങൾ തിരിച്ചടിയായിട്ടുണ്ടെങ്കിലും മികച്ച മുന്നേറ്റം കാഴ്ച വെക്കാൻ 2018 ൽ സാധിച്ചെന്നും പുതിയ തലമുറക്ക് അനുയോജ്യമായ വാഹനങ്ങൾ പുറത്തിറക്കിയതാണ് ഈ നേട്ടം കൈവരിക്കാൻ സഹായിച്ചതെന്നും പരീഖ് പറഞ്ഞു. 

2018ല്‍ ALFARC,OMEGRAC എന്നീ രണ്ട് പുതിയ പ്ലാറ്റ് ഫോമുകളും ഹാരിയർ മോഡലും, 45എക്സിന്റെ  കൺസപ്ററ് മോഡലും അവതരിപ്പിച്ചു. നെക്സോൺ KRAZ, ടിയാഗോ NRG,പുതിയ ടിഗോർ ജെടിപി ട്വിൻസ് തുടങ്ങി നാല് പുതിയ ഉൽപ്പന്നങ്ങളും ഈ ഉൽസവ സീസണിൽ പുറത്തിറക്കി.  നെക്സോണും പുതിയ ടിഗോറും അന്താരാഷ്ട്ര വിപണിയിലേക്ക് കയറ്റി അയക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ടാറ്റായുടെ ബ്രാന്‍റ് സാന്നിധ്യവും പ്രധാനസ്ഥലങ്ങളിൽ എത്തി. വിവോ ഇന്ത്യ പ്രീമിയർ ലീഗിൽ ഔദ്യോഗിക പാർട്ണറായിരുന്നു ടാറ്റാ നെക്സോൺ. ടാറ്റാ ടിഗോറിന്റെ ബ്രാന്റ് അംബാസഡറായി ബോളിവുഡ് താരം ഹൃതിക് റോഷനെ നിയമിച്ചതും ഈ വർഷമാണ്.

ടാറ്റയുടെ നിർമ്മാണ യൂണിറ്റുകളെല്ലാം മികച്ച ഉൽപാദനമാണ് നടത്തുന്നത്. പരമാവധി ഉൽപാദനമാണ് എല്ലായിടത്തും നടക്കുന്നത്. ആഗസ്ത് മാസത്തിൽ മാത്രം 50000 നെക്സോൺ ആണ് രഞ്ജനഗാവ് പ്ലാന്റിൽ ഉൽപാദിപ്പിച്ചത്. ഒക്ടോബറിർ 50000 വാഹനങ്ങൾ നിർമ്മിച്ച സാനന്ദ് പ്ലാന്റിന് ബെസ്റ്റ് പ്ലാൻറ് സേഫ്റ്റി പുരസ്കാരം, സിഐഐയുടെ ഗ്രീൻകോ പ്ലാറ്റിനം സർട്ടിഫിക്കേഷൻ എന്നിവ ലഭിച്ചു

വരാനിരിക്കുന്ന ടാറ്റയുടെ ഏറ്റവും പ്രധാനപ്പെട്ട മോഡലുകളിലൊന്നായ ഹാരിയറിനായി ജെഎൽആറിന്റെ മാർഗനിർദ്ദേശമനുസരിച്ച് ലോകോത്തര നിലവാരത്തിലുള്ള ഒരു അസംബ്ലി ലൈൻ പൂനെയിൽ സ്ഥാപിച്ച് കഴിഞ്ഞു. പുതിയതായി 27 ഡീലർഷിപ്പുകളും ഇക്കാലയളവിൽ ആരംഭിച്ചു. കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ മാത്രം 7 വീതം പുതിയ ഡീലർഷിപ്പുകളാണ് തുടങ്ങിയത്. 

ധാരാളം പുതിയ ഉപഭോക്തൃ സേവന പദ്ധതികൾക്കും ടാറ്റാ മോട്ടോഴ്സ് തുടക്കം കുറിച്ചിട്ടുണ്ട്. 45 മിനിറ്റുകൾക്കുള്ളിൽ റോഡ് സൈഡ് സേവനം 24 മണിക്കൂറും എത്തിക്കുന്ന  പദ്ധതിക്ക് തുടങ്ങിയിട്ടുണ്ട്. ഇതിന് പുറമേ സർവീസ് ബഡ്ഡി ആപ്പ്, ടാറ്റാ മോട്ടോഴ്സ് സർവീസ് കണക്ട് ആപ്പ്, ടാറ്റാ മോട്ടോഴ്സ് സർവീസ് ആപ്ലികേഷൻ എന്നിവയും പുറത്തിറക്കി. ഈ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ അടുത്ത വർഷവും നേട്ടം നിലനിർത്താൻ  ഒരുങ്ങുകയാണെന്നും കമ്പനി വ്യക്തമാക്കുന്നു.