രാജ്യം കണ്ട ഏറ്റവും വില കുറഞ്ഞ കാർ എന്ന വിശേഷത്തോടെയാണ്​ ടാറ്റ മോട്ടോഴ്‍സ് നാനോയെ വിപണിയിലെത്തിച്ചത്​. രത്തന്‍ ടാറ്റയുടെ സ്വപ്‍ന പദ്ധതി. ഇപ്പോഴിതാ നാനോ​യുടെ ഇലക്ട്രിക്​ പതിപ്പ്​ വിപണിയിലേക്കെത്തുകയാണ്. നവംബർ 28നാണ് ജെയം നി​യോ എന്ന പേരില്‍ കാറിന്‍റെ വിപണി പ്രവേശം. കോയമ്പത്തൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജെയം ഓട്ടോയാണ്​ ഈ മോഡൽ പുറത്തിറക്കുന്നത്​. ഹൈദരാബാദിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും ​പുതിയ കാർ പുറത്തിറക്കുക.

പുതിയ പദ്ധതിപ്രകാരം എൻജിനും ഗിയർബോക്​സും ഒഴികെ നാനോയുടെ ബാക്കിയെല്ലാ പാർട്​സുകളും ടാറ്റ മോട്ടോഴ്​സ്​ ജെയം ഓട്ടോമോട്ടീവിന്​ കൈമാറും. ആദ്യഘട്ടത്തിൽ ടാക്​സി സർവീസുകൾക്ക്​ മാത്രമാണ്​ കാറുകൾ നൽകുക. ഒ​േല കാബ്​ സർവീസിന്​ 400 കാറുകൾ നൽകിയാവും വിൽപന ആരംഭിക്കുക. 48 വോൾട്ട്​ ഇലക്​ട്രിക്​ ​സിസ്​റ്റമാണ്​ നിയോയെ മുന്നോട്ട്​ നയിക്കുക. 23 ബി.എച്ച്​.പി കരുത്ത്​ കാർ നൽകും. ഒറ്റചാർജിൽ 200 കിലോമീറ്റർ ദൂരം വരെ നിയോയ്​ക്ക്​ പിന്നിടാൻ സാധിക്കും. എ.സി ഉപയോഗിച്ചാൽ ഇത്​ 140 കിലോമീറ്ററായി കുറയും.