ഗ്ലോബല്‍ എന്‍കാപ് ഇടി പരിശോധനയില്‍ നാല് സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കി ടാറ്റയുടെ ടിയാഗോ, ടിഗോര്‍ മോഡലുകള്‍. രണ്ട് മോഡലുകളുടെയും ബേസ് വേരിയന്റാണ് ക്രാഷ് ടെസ്റ്റിനായി ഗ്ലോബല്‍ എന്‍കാപ് തെരഞ്ഞെടുത്തത്. മുതിര്‍ന്നവരുടെ സുരക്ഷ സംബന്ധിച്ച് രണ്ട് കാറുകളും ആകെയുള്ള 17 പോയന്റില്‍ 12.72 പോയന്റ് കരസ്ഥമാക്കി. കുട്ടികളുടെ സുരക്ഷാ കാര്യത്തില്‍ രണ്ട് കാറുകളും 3 സ്റ്റാര്‍ റേറ്റിംഗ് മാത്രമാണ് നേടിയത്. ആകെയുള്ള 49 പോയന്റില്‍ 34.15 പോയന്റ് കരസ്ഥമാക്കി.

സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, എബിഎസ്, രണ്ട് എയര്‍ബാഗുകള്‍ എന്നിവ ടിയാഗോ, ടിഗോര്‍ മോഡലുകളുടെ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകളാണ്.

ടാറ്റ നെക്‌സോണ്‍, ടാറ്റ അള്‍ട്രോസ് മോഡലുകള്‍ ഇതിനുമുമ്പ് പഞ്ചനക്ഷത്ര റേറ്റിംഗ് നേടിയിരുന്നു. പുതുതായി ഹാച്ച്ബാക്കിന്റെയും സബ്‌കോംപാക്റ്റ് സെഡാന്റെയും ക്രാഷ് ടെസ്റ്റ് ഫലങ്ങള്‍ പുറത്തുവന്നതോടെ സുരക്ഷിത കാറുകള്‍ എന്ന പേരു സ്വന്തമാക്കിയിരിക്കുകയാണ് ടാറ്റ.

2016 ഏപ്രിലില്‍ ഡീസൽ, പെട്രോൾ വകഭേദങ്ങളില്‍ നിരത്തിലിറങ്ങിയ ടാറ്റ ടിയാഗോ പുറത്തിറങ്ങി ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ വിപണിപിടിച്ചിരുന്നു. രണ്ട് എൻജിൻ സാധ്യതകളോടെയാണു ടിയാഗൊ എത്തുന്നത്. കാറിലെ 1.2 ലീറ്റർ,  മൂന്നു സിലിണ്ടർ റെവൊട്രോൺ  പെട്രോൾ എൻജിന് 85 പി എസ് വരെ കരുത്തും 114 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കാനാവും. കാറിലെ 1.05 ലീറ്റർ, മൂന്നു സിലിണ്ടർ റെവൊടോർക് ഡീസൽ എൻജിനാവട്ടെ 70 പി എസ് വരെ കരുത്തും 140 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. ഡീസൽ എൻജിനൊപ്പം അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സ് മാത്രമാണു ട്രാൻസ്മിഷൻ; അതേസമയം പെട്രോൾ എൻജിൻ അഞ്ചു സ്പീഡ് മാനുവൽ, എ എം ടി ഗീയർബോക്സുകളോടെ ലഭ്യമാണ്.

ടാറ്റയുടെ പുത്തൻ രൂപകൽപ്പനാ സിദ്ധാന്തമായ ഇംപാക്ട് ശൈലി പിന്തുടരുന്ന ടിയാഗോ ഏഴു നിറങ്ങളിലും 22 വകഭേദങ്ങളിലുമാണു വിൽപ്പനയ്ക്കുള്ളത്. തകർപ്പൻ രൂപകൽപ്പനയുടെയും ഈ വിഭാഗത്തിൽ പതിവില്ലാത്ത സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയും ലഭ്യതയുമൊക്കെയാണ് കടുത്ത മത്സരത്തിനു വേദിയായ ചെറുഹാച്ച്ബാക്ക് വിപണിയിൽ വിജയം കൊയ്യാൻ ടിയാഗോയെ സഹായിച്ചത്. നിരത്തിലെത്തി മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ ടിയാഗോയുടെ നിരവധി പതിപ്പുകള്‍ ടാറ്റ അവതരിപ്പിച്ചിരുന്നു.

ഇന്ത്യയില്‍ ഇന്ന് ലഭിക്കുന്നതില്‍ ഏറ്റവും വില കുറഞ്ഞ സെഡാനാണ് ടിഗോര്‍. 2017ലാണ് ടിഗോറിനെ ടാറ്റ അവതരിപ്പിക്കുന്നത്. ടിയാഗോയെ അടിസ്ഥാനമാക്കിയാണ് ടിഗോറിനെ രൂപപ്പെടുത്തിയത്. ടാറ്റയുടെ പുതിയ ഇംപാക്ട് ഡിസൈനില്‍ പുറത്തിറങ്ങുന്ന മൂന്നാമനാണ് ടിഗോര്‍. 84 bhp കരുത്തും 114 Nm torque ഉം നല്‍കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 70 bhp കരുത്തും 140 Nm torque ഉം നല്‍കുന്ന 1.05 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് ടിഗോര്‍ വിപണിയിലുള്ളത്.

രണ്ടിലും അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് എഎംടിയാണ് ട്രാന്‍സ്മിഷന്‍. സിറ്റി, ഇക്കോ എന്നിങ്ങനെ രണ്ട് മോഡുകളും വാഹനത്തില്‍ ലഭ്യമാണ്. പെട്രോള്‍ എഞ്ചിന്‍ 23.84 കിലോമീറ്റര്‍ മൈലേജും ഡീസല്‍ എഞ്ചിന്‍ 27.28 കിലോമീറ്റര്‍ മൈലേജുമാണ് കമ്പനി അവകാശപ്പെടുന്നത്.