സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ സീമ വിനീത്, അനന്തരവനുമൊത്തുള്ള യാത്രയ്ക്ക് ശേഷം പങ്കുവെച്ച വ്ലോഗിൽ വികാരാധീനയായി. ഒരു ട്രാൻസ് സ്ത്രീയായതിനാൽ തനിക്ക് ഒരമ്മയാകാൻ കഴിയില്ലെന്നുള്ള ആഴത്തിലുള്ള ദുഃഖം അവർ കരഞ്ഞുകൊണ്ട് പങ്കുവെച്ചു.
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളിൽ ഏറെ ശ്രദ്ധേയയാണ് സീമ വിനീത്. യുട്യൂബർ കൂടിയായ സീമയ്ക്ക് വലിയൊരു ആരാധക വൃന്ദവും ഫോളോവേഴ്സുമുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ ആയിരുന്നു സീമയും കോട്ടയം സ്വദേശിയായ നിഷാന്തുമായുള്ള വിവാഹം. തന്റെ ചെറിയ വലിയ വിശേഷങ്ങൾ പങ്കുവയ്ക്കാറുള്ള സീമ ഇപ്പോൾ തന്റെ ഫോളോവേഴ്സിനെ ഉൾപ്പടെ കരയിപ്പിച്ചിരിക്കുകയാണ്.

തന്റെ അനന്തരവൻ കനലുവുമായി ഔട്ടിങ്ങിനായി പോയ വ്ലോഗാണ് സീമ വിനീത് പുതിയതായി പങ്കുവച്ചത്. കനലുവിന്റെ പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു ഔട്ടിംഗ്. അവന് ഇഷ്ടമുള്ള സ്ഥലങ്ങളിൽ പോയ സീമ, ഇഷ്ടമുള്ളതെല്ലാം വാങ്ങികൊടുക്കുകയും തിരികെ വീട്ടിലാക്കുകയും ചെയ്തു. വീട്ടിൽ കുട്ടിയെ ആക്കിയ ശേഷമാണ് സീമ വളരെ ഇമോഷണലായി കാണുന്നത്.
"അടിപൊളി ദിവസമായിരുന്നു ഇന്ന്. അവന് നാളെ അഞ്ച് വയസ് ആകാൻ പോവുകയാണ്. ഇതുവരെ പുറത്തേക്ക് പോകുമ്പോൾ ആരെങ്കിലുമൊക്കെ ഉണ്ടാകാറുണ്ട്. ഒറ്റക്കിത് ആദ്യമായിട്ടാണ് കൊണ്ടുപോയത്. അവൻ വാശി പിടിക്കുകയും പിണങ്ങുകയും ചെയ്യുമെന്നാണ് കരുതിയത്. പക്ഷേ ഭയങ്കര കൂളായിട്ട് അവൻ ഇരുന്നു. ഞങ്ങൾ വല്ലപ്പോഴും ആണ് നേരിട്ട് കാണുന്നത്. അവൻ കൺഫെർട്ടബിൾ ആയിരുന്നു. എനിക്ക് ഭയങ്കര സന്തോഷമായി. അത്രയും ഹാപ്പി ആയിട്ട് അവൻ ഇരുന്നത് കണ്ടപ്പോൾ സന്തോഷമായി. എന്തെന്നില്ലാത്ത സന്തോഷം. വാക്കുകൾക്കതീതമാണത്", എന്ന് സീമ പറയുന്നു.
"അത്രയും ആഗ്രഹിച്ച് ട്രാൻസ് വുമൺ ആകുന്ന വ്യക്തികൾ, ഞാൻ എന്നെ അങ്ങനയെ പറയുള്ളൂ. ഒരിക്കലും ഒരു പരിപൂർണയായ സ്ത്രീ അല്ലെന്ന് എനിക്കറിയാം. ജീവിതത്തിൽ ഒരിക്കലും എനിക്ക് അമ്മയാകാൻ പറ്റത്തില്ലെന്നും എനിക്കറിയാം. നമ്മൾ എന്തൊക്കെ ചെയ്തെന്ന് പറഞ്ഞാലും എനിക്ക് പറ്റത്തില്ല അമ്മയാവാൻ. എനിക്കറിയാം അത്. അത് പറഞ്ഞ് ആൾക്കാര് കളിയാക്കും. പരിഹസിക്കും. അല്ലാതെ തന്നെ ഒരുപാട് കേൾക്കുന്നുണ്ട്. ഇന്നവനെ എല്ലാ സ്ഥലത്തും കൊണ്ടു പോയപ്പോൾ, ഒരുപാട് സന്തോഷം ഉണ്ട്. ആ വിഷമം പറഞ്ഞാൽ മനസിലാവത്തില്ല. ഉള്ളിന്റെ ഉള്ളിൽ എനിക്കെപ്പോഴും ആ വിഷമം ഉണ്ട്", എന്ന് കരച്ചിലടക്കാനാകാതെ സീമ പറഞ്ഞു. പിന്നാലെ നിരവധി പേരാണ് ആശ്വാസ വാക്കുകളുമായി രംഗത്ത് എത്തിയത്.
"പ്രസവിച്ചത് കൊണ്ട് അമ്മ ആകില്ല ചേച്ചീ.. എത്രയോ പേരുണ്ട് പ്രസവിച്ച ശേഷം കുട്ടിയെ കൊന്നു കളയുന്നവർ. പ്രവർത്തി കൊണ്ട് ആണ് അമ്മ ആകുന്നത്. അത് ചേച്ചിക്ക് ആകുവാൻ പറ്റും. ഒരു കുട്ടിയെ എടുത്തു വളർത്തു. ചേച്ചി നല്ലൊരു ഭാര്യയും മരുമകളും ആണ്. അപ്പോൾ നല്ലൊരു അമ്മയും ആകാൻ കഴിയും, ചേച്ചിയുടെ ഉള്ളിലെ അമ്മയെന്ന ഭാവം ഉള്ളടത്തോളം കാലം ചേച്ചിയും ഒരു അമ്മയാണ്, കരയരുത്. സ്ത്രീകൾ എല്ലാവരും പ്രസവിക്കാൻ കഴിവുള്ളവർ അല്ലല്ലോ? പ്രസവിച്ചവരെല്ലാം നല്ല അമ്മമാരുമല്ലല്ലോ", എന്നിങ്ങനെ പോകുന്നു കമന്റുകൾ.



