ന്യൂഡൽഹിൽ ആര്‍മി കേണലിന്‍റെ ബിഎം‍ഡബ്ല്യു കാര്‍ മോഷ്ടിക്കാന്‍ ശ്രമിച്ച കള്ളന് പറ്റിയ അബദ്ധത്തിന്‍റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നു.ഗുജറാത്ത് സ്വദേശി 25കാരനായ ജിഗര്‍ പട്ടേലാണ് ലെഫ്റ്റനന്റ് കേണല്‍ പിനാകി ബാനിയുടെ ബിഎംഡബ്ല്യു എക്സ് 5 നകാർ മോഷ്ടിക്കാൻ ശ്രമിച്ച് കുടുക്കിലായത്. ബുധനാഴ്ച രാത്രി 9.40നായിരുന്നു സംഭവം.

തന്റെ പഴയ മാരുതി സെന്‍ കാര്‍ വില്‍ക്കാനുണ്ടെന്ന് പിനാകി ബാനി ഓൺലൈനിൽ പരസ്യം നല്‍കിയിരുന്നു. ഈ കാര്‍ വാങ്ങാനെന്ന പേരിലാണ് ജിഗര്‍ പട്ടേല്‍ ബാനിയെ സമീപിച്ചത്. വാഹനത്തെപ്പറ്റി സംസാരിച്ച ജിഗർ പട്ടേലിനെ ഓഫീസേഴ്സ് മെസ്സിൽ ബാനി ഡിന്നറിന് ക്ഷണിച്ചു. അപ്പോളാണ് ബാനിയുടെ ബിഎം‍ഡബ്ല്യു ജിഗർ കാണുന്നത്.

ബിഎംഡബ്ല്യു വിൽക്കുന്നുണ്ടോ എന്ന് ജിഗര്‍ ചോദിച്ചു. വിൽക്കുന്നില്ലെന്ന് ബാനി മറുപടിയും പറഞ്ഞു. തുടര്‍ന്ന് കാര്‍ ഓടിക്കുന്നതിനായി ജിഗര്‍ പട്ടേല്‍ ബാനിയോട് സമ്മതം ചോദിക്കുകയും മുളകുപൊടി ബാനിയുടെ മുഖത്തെറിഞ്ഞ് കാറുമായി പുറത്തേക്ക് കുതിക്കുകയുമായിരുന്നു.

എന്നാൽ മെസ്സിന്റെ ഗെയിറ്റ് ഇടിച്ചു തകർത്ത് പുറത്തേയ്ക്കെടുത്ത ജിഗർ കണ്ടത് മുന്നിലെ നീണ്ട ട്രാഫിക്ക് ബ്ലോക്കാണ്. ഇതേ തുടർന്നാണ് കാർ ഉപേക്ഷിച്ച് ജിഗർ കടന്നു കളഞ്ഞു. ഓഫീസേഴ്സ് മെസ്സിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

അതിവേഗതയില്‍ പാഞ്ഞു വരുന്ന കാര്‍ കണ്ട് ഗെയിറ്റിലെ സെക്യൂരിറ്റിക്കാരന്‍ ഓടിമാറുന്നതും ഗെയിറ്റ് ഇടിച്ചു തകര്‍ത്ത് കാര്‍ റോഡിലേക്ക് കയറുന്നതും ജിഗര്‍ ഇറങ്ങി ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം.