Asianet News MalayalamAsianet News Malayalam

കാതടപ്പിക്കുന്ന ശബ്ദത്തില്‍ ഹോണുപയോഗിച്ചാല്‍ ഇനി പിഴ

'തുടർച്ചയായി മുഴങ്ങുന്ന ഹോൺ മൂലം വാഹനമോടിക്കുന്ന പ്രായമുള്ളവരിൽ പെട്ടെന്ന് എന്ത് ചെയ്യണം എന്ന ആശയക്കുഴപ്പം ഉണ്ടാകുന്നു. അത് അപകട സാധ്യത കൂട്ടുന്നു. റോഡിന്റെ നിയന്ത്രണം തനിക്കാണെന്ന അഹംഭാവം കൂടി തുടർച്ചയായി ഹോൺ മുഴക്കുന്നതിന്റെ പിന്നിലുണ്ട്'.  

those who use horn with high sound will get fine
Author
Thiruvananthapuram, First Published Jul 31, 2019, 9:53 PM IST

തിരുവനന്തപുരം: അനുവദനീയമായതില്‍ കൂടുതല്‍ ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകള്‍ ഉപയോഗിക്കുന്നവരില്‍ നിന്ന് ഇനി മുതല്‍ പിഴ ഈടാക്കുമെന്ന് കേരള പൊലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കേരള പൊലീസ് ഇക്കാര്യം അറിയിച്ചത്.  അമിതമായി ഹോണടിച്ച് ബഹളമുണ്ടാക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും ഇനി മുതല്‍ അനുവദനീയമായതില്‍ കൂടുതല്‍ ശബ്ദമുള്ള ഹോണുകള്‍ ഉപയോഗിക്കുന്നവരില്‍ നിന്ന് 1000 രൂപ വരെ പിഴ ഈടാക്കുമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. 

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം...

ട്രാഫിക് സിഗ്‌നൽ കാത്തു കിടക്കുന്നവർ, റയിൽവെ ഗേറ്റിൽ, ട്രാഫിക് ബ്ലോക്കിൽ കാത്തുകിടക്കുന്ന വാഹനങ്ങൾ എന്നിവയെ കടത്തിവിട്ടാലേ മുന്നോട്ട് പോകാൻ കഴിയൂ. അതുറപ്പാക്കിയിട്ടും അനാവശ്യമായി ഹോൺ മുഴക്കുന്ന ഡ്രൈവർമാരെ നാം കാണാറുണ്ട്.

മറ്റു വാഹനങ്ങളിലെ ഡ്രൈവർമാർക്കു മുന്നറിയിപ്പു നൽകാനാണു സാധാരണ ഹോൺ ഉപയോഗിക്കുന്നത്. പല രാജ്യങ്ങളിലും ഡ്രൈവർമാർ ഹോൺ ഉപയോഗിക്കുന്നത് അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമാണ്. എന്നാൽ ദേഷ്യം, നിരാശ, അക്ഷമ എന്നിവ പ്രകടിപ്പിക്കാൻ ചിലർ തുടർച്ചയായി ഹോൺ മുഴക്കുന്നു.

തുടർച്ചയായി മുഴങ്ങുന്ന ഹോൺ മൂലം വാഹനമോടിക്കുന്ന പ്രായമുള്ളവരിൽ പെട്ടെന്ന് എന്ത് ചെയ്യണം എന്ന ആശയക്കുഴപ്പം ഉണ്ടാകുന്നു. അത് അപകട സാധ്യത കൂട്ടുന്നു. റോഡിന്റെ നിയന്ത്രണം തനിക്കാണെന്ന അഹംഭാവം കൂടി തുടർച്ചയായി ഹോൺ മുഴക്കുന്നതിന്റെ പിന്നിലുണ്ട്. വലിയ വാഹനങ്ങൾ ഓടിക്കുന്നവർ ചെറിയ വാഹനങ്ങളെയും. ഇരുചക്രവാഹനയാത്രികർ കാൽനടയാത്രക്കാരെയും ഹോണടിച്ചു പേടിപ്പിക്കാൻ ശ്രമിക്കുന്നതും കാണാം.

60 മുതൽ 70 ഡെസിബല്ലിൽ കൂടുതലുള്ള ശബ്‌ദം കേൾവിക്കു തകരാർ ഉണ്ടാക്കുമെന്നു പഠനങ്ങൾ പറയുന്നു. . ഇതു 120 ഡെസിബല്ലിനു മുകളിലാണെങ്കിൽ താൽക്കാലികമായി ചെവി കേൾക്കാതെയാകും. സാവധാനത്തിൽ കേൾവി ശക്തി നഷ്ടപ്പെടുകയാണ് അമിത ശബ്ദം സ്ഥിരമായി കേൾക്കുന്നതിന്റെ ദൂഷ്യഫലം.

അമിത ശബ്ദത്തിൽ ഹോൺ മുഴക്കി പോകുന്ന വലിയ വാഹനത്തിലെ ഡ്രൈവർമാർ ഈ വസ്തുത മനസ്സിലാക്കുന്നില്ല. ദീർഘ നേരം അമിത ഹോൺ ചെവിയിൽ മുഴങ്ങുന്നതു പെട്ടെന്നു തീരുമാനമെടുക്കാനുള്ള ശേഷിയേയും ബാധിക്കും. ഇതു അപകടം ഉണ്ടാക്കാനും കാരണമായേക്കാം.

എയർ ഹോണുകൾ, അമിതമായി ഹോണടിച്ചു ബഹളമുണ്ടാക്കുന്ന വാഹനങ്ങൾ, ശബ്‌ദവ്യത്യാസം വരുത്തിയ വാഹനങ്ങൾ തുടങ്ങിയ ഡ്രൈവര്മാക്ക് തങ്ങൾ ഉപയോഗിക്കുന്ന ഹോൺ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെപ്പറ്റി ധരണയുണ്ടാകണം.

സാധാരണ സംസാരിക്കുമ്പോൾ കേൾക്കുന്ന ശബ്‌ദം 30-40 ഡെസിബല്ലും ഉച്ചത്തിൽ സംസാരിക്കുമ്പോൾ 50 ഡെസിബെലുമാണ് കേൾക്കുന്നത്. ഇനി സാധാരണ ഹോണാണെങ്കിൽ 70 ഡെസിബൽ വരെ ശബ്ദമുണ്ടാകും. നിരോധിത എയർ ഹോണുകൾ മുഴക്കുമ്പോൾ 90-100 ഡെസിബൽ വരെ ശബ്ദമാണുണ്ടാകുന്നത്.

അനുവദനീയമായതിൽ കൂടുതൽ ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകള്‍ ഉപയോഗിച്ചാൽ 1000 രൂപ വരെയാണ് പിഴ#keralapolice

Follow Us:
Download App:
  • android
  • ios