തുടര്‍ച്ചയായ വിജയചിത്രങ്ങളിലൂടെ മലയാളികളുടെ നെഞ്ചില്‍ ഇടംപിടിച്ച യുവതാരമാണ് ടൊവിനോ തോമസ്. വാഹന പ്രേമി കൂടിയായ ടൊവിനോ ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു നിരയിലെ പുതിയ രണ്ട് വാഹനങ്ങള്‍ സ്വന്തമാക്കിയതാണ് വാഹന ലോകത്തെയും സിനിമാ ലോകത്തെയും പുതിയ വാര്‍ത്ത. 

ബിഎംഡബ്ല്യുവിന്‍റെ ആഡംബര സെഡാന്‍ സെവന്‍ സീരീസും ബിഎംഡബ്ല്യു മോട്ടോറാഡിന്റെ G310GS അഡ്വഞ്ചര്‍ ബൈക്കുമാണ് ടൊവിനോ സ്വന്തമാക്കിയത്. സ്വപ്‌നം യാഥാര്‍ഥ്യമായി എന്ന അടിക്കുറിപ്പോടെ രണ്ട് വാഹനങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങളും ടൊവിനോ  ഇന്‍സ്റ്റാഗ്രാമില്‍ പങ്കിവെച്ചിട്ടുണ്ട്. 

ഒന്നരക്കോടിയോളം രൂപ വിലമതിക്കുന്ന സെവന്‍ സീരീസ് നിരയിലെ ഡീസല്‍ 730 Ld M സ്‌പോര്‍ട്ട് വകഭേദമാണ് ടൊവിനോ സ്വന്തമാക്കിയത്. 2993 സിസി ഡീസല്‍ എന്‍ജിനാണ് സെവന്‍ സീരീസ് എം സ്‌പോര്‍ട്ടിന്‍റെ ഹൃദയം. ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ ട്വിന്‍പവര്‍ ടര്‍ബോ എന്‍ജിന്‍ ടെക്‌നോളജിയാണ് 7 സീരിസില്‍ ഉപയോഗിച്ചിരിക്കുന്നത്. 4000 ആര്‍പിഎമ്മില്‍ 262 ബിഎച്ച്പി പവറും 2000 ആര്‍പിഎമ്മില്‍ 620 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ സൃഷ്‍ടിക്കും. 

ബിഎംഡബ്ല്യു നിരയിലെ എന്‍ട്രി ലെവല്‍ അഡ്വഞ്ചര്‍ ബൈക്കായ G 310 GS-ല്‍ 34 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കും നല്‍കുന്ന 313 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണുള്ളത്.  യൂറോപ്പിനു പുറത്ത് ബിഎംഡബ്ല്യു മോട്ടോറാഡ് നിര്‍മിക്കുന്ന ആദ്യ ബൈക്കുകളിലൊന്നാണിത്. 3.49 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില.

കൊച്ചിയിലെ ബിഎംഡബ്ല്യു ഡീലര്‍ഷിപ്പില്‍ നിന്നാണ് രണ്ട് പുതിയ വാഹനങ്ങളും താരം സ്വന്തമാക്കിയത്. ടൊവിനോ മുമ്പ് ഔഡിയുടെ ലക്ഷ്വറി എസ്‌യുവി ക്യൂ7 ടൊവിനോ സ്വന്തമാക്കിയതും വാഹനത്തിന് കെഎൽ 45 ക്യൂ7 എന്ന ഫാൻസി നമ്പര്‍ സ്വന്തമാക്കിയതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.