രൂക്ഷമായ പ്രളയക്കെടുതിയില്‍ സംസ്ഥാനത്ത് ഗതാഗത തടസം തുടരുന്നു. ബോട്ട് സർവീസുകള്‍ക്ക് തടസ്സമില്ല. ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു തുടങ്ങി.

തിരുവനന്തപുരം: രൂക്ഷമായ പ്രളയക്കെടുതിയില്‍ സംസ്ഥാനത്ത് ഗതാഗത തടസം തുടരുന്നു. ബോട്ട് സർവീസിനു തടസ്സമില്ല. ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു തുടങ്ങി. ശബരിമല പാതയിൽ ഗതാഗതം നിരോധിച്ചു. ഇടിഞ്ഞുതാഴ്ന്ന മണ്ണാറക്കുളഞ്ഞി- പമ്പ റോഡിലെ ളാഹ -ചാലക്കയം ഭാഗത്തും ഗതാഗതം വിലക്കി. പ്ലാപ്പള്ളി കമ്പകത്തും വളവിലും അട്ടത്തോടിനു സമീപവും റോഡ് ഇടിഞ്ഞുതാഴ്ന്നതിനെ തുടർന്നാണു ഗതാഗതം നിരോധിച്ചത്.

എംസി റോഡിൽ പെരുമ്പാവൂർ വല്ലം ഭാഗത്തു റോഡിന്റെ മുകൾഭാഗം 10 മീറ്ററോളം ഒലിച്ചുപോയി. ബസുകളും ചരക്കു വാഹനങ്ങളും കടത്തിവിടുന്നില്ല. കോട്ടയത്ത് എസി റോഡ്, എംസി റോഡ്, കെകെ റോഡ് എന്നിവിടങ്ങളിൽ ഗതാഗതം പൂർണമായി പുനഃസ്ഥാപിച്ചിട്ടില്ല. തലയോലപ്പറമ്പ്– കാഞ്ഞിരമറ്റം വഴി എറണാകുളത്തേക്കോ പാലാ വഴി തൊടുപുഴയ്ക്കോ പോകാം. കെകെ റോഡിൽ കുട്ടിക്കാനം വരെ യാത്ര ചെയ്യാം. പന്തളം ഭാഗത്തെ കുത്തൊഴുക്ക് കുറഞ്ഞതോടെ എം സി റോഡിലൂടെയുള്ള ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. എങ്കിലും രക്ഷാപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ മാത്രമെ തത്കാലം കടത്തിവിടൂ. തൃശ്ശൂര്‍ - കോഴിക്കോട് പാതയിലും ഗതാഗതം സാധാരണ നിലയിലായി. തെന്മല - കോട്ടവാസല്‍ റൂട്ടിലെയും ഗതാഗതം പുനഃസ്ഥാപിച്ചു.

ഇടുക്കി ജില്ലയിൽ തൊടുപുഴ – പുളിയൻമല സംസ്ഥാനപാതയിലും കൊച്ചി – ധനുഷ്കോടി ദേശീയപാതയിലും മൂന്നാർ–മറയൂർ–ഉദുമൽപേട്ട ദേശീയപാതയിലും കൊട്ടാരക്കര– ഡിണ്ടിഗൽ ദേശീയപാതയിലും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. 

ദേശീയപാത 544ൽ ആലുവ മേഖലയിൽ നിന്നു വെള്ളം ഇറങ്ങിത്തുടങ്ങി. എറണാകുളം - തൃശൂർ ഗതാഗതം ശനിയാഴ്ച വൈകിട്ടു ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും നിയന്ത്രണം തുടരുന്നു. കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ മൂവാറ്റുപുഴ മേഖലയിൽ ഗതാഗത തടസ്സം തുടരുന്നു. നേര്യമംഗലം - അടിമാലി പാതയിൽ പലയിടത്തും മണ്ണിടിച്ചിലുള്ളതിനാൽ തടസ്സമുണ്ട്. 

ആലപ്പുഴ – ചങ്ങനാശേരി റോഡിലെ പ്രധാന പാലങ്ങൾ ഒഴികെ എല്ലാം വെള്ളത്തിലാണ്. എംസി റോഡിൽ കല്ലിശേരി, മുളക്കുഴ ഭാഗങ്ങളിലും കായംകുളം – പുനലൂർ റോഡിൽ വെട്ടിക്കോട് ഭാഗത്തും അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ തകഴി മുതലും മാവേലിക്കര – കോഴഞ്ചേരി സംസ്ഥാന പാതയിലും വെള്ളക്കെട്ടുണ്ട്. 

കൊല്ലം - തിരുമംഗലം ദേശീയപാതയിൽ തുടർച്ചയായ നാലാം ദിവസവും ഗതാഗതം മുടങ്ങി. കോഴിക്കോട് ജില്ലയിൽ പ്രധാന റോഡുകളിലെല്ലാം ഗതാഗതം പുനഃസ്ഥാപിച്ചു. മലപ്പുറത്ത്, വെള്ളക്കെട്ടുമൂലം പൊന്നാനി– കോഴിക്കോട് പാതയിലും മലപ്പുറം– പരപ്പനങ്ങാടി റോഡിലും ഗതാഗതം തടസ്സപ്പെട്ടു.

പാലക്കാടിനെ തൃശൂരുമായി ബന്ധിപ്പിക്കുന്ന ദേശീയപാതയിലുള്ള കുതിരാനിലെ പ്രശ്നം പൂർണമായും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. വയനാട് ജില്ലയിൽ പാൽചുരം അടച്ചു. പേര്യ ചുരത്തിലും നാടുകാണി ചുരത്തിലും വലിയ വാഹനങ്ങൾക്കു നിരോധനമുണ്ട്. വയനാട് കുറ്റ്യാടി ചുരങ്ങളിൽ ഗതാഗത തടസ്സമില്ല. കണ്ണൂരിൽ പാൽചുരം റോഡിലും നെടുംപൊയിൽ റോഡിലും മണ്ണു നീക്കി ഭാഗികമായി ഗതാഗതം പുനഃസ്ഥാപിച്ചു.

സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണായി പുനഃസ്ഥാപിക്കാന്‍ റെയില്‍വേക്ക് ഇനിയും ദിവസങ്ങള്‍ വേണ്ടിവരും. ഷൊര്‍ണ്ണൂര്‍-കോഴിക്കോട്, എറണാകുളം-കോട്ടയം-കായംകുളം എന്നിവിടങ്ങളില്‍ ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.

പൂര്‍ണ്ണമായി റദ്ദാക്കിയ ട്രെയിനുകള്‍
16650 നാഗര്‍കോവില്‍ മംഗലാപുരം പരശുറാം എക്സ്പ്രസ്
16649 മംഗലാപുരം നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ്
17229 തിരുവനന്തപുരം-ഹൈദരാബാദ് ഡെക്കാന്‍ എക്സ്പ്രസ്
16604തിരുവനന്തപുരം മംഗലപുരം മാവേലി എക്സ്പ്രസ്
16605 മംഗലാപുരം - നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസ്
16629 തിരുവനന്തപുരം - മംഗലാപുരം മലബാര്‍ എക്സ്പ്രസ്
16347 തിരുവനന്തപുരം - മംഗലാപുരം എക്സ്പ്രസ്
22208 തിരുവനന്തപുരം ചെന്നൈ എക്സ്പ്രസ്

12697 ചെന്നൈ തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്
16308കണ്ണൂര്‍ ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്
16306 കണ്ണൂര്‍ - എറണാകുളം ഇന്റര്‍സിറ്റി
12075 കോഴിക്കോട് തിരുവനന്തപുരം ജനശതാബ്ദി
16301 ഷൊര്‍ണ്ണൂര്‍-തിരുവനന്തപുരം വേണാട് എക്സ്പ്രസ്
16792 പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്സ്പ്രസ്
66611 പാലക്കാട് - എറണാകുളം മെമു
56664 കോഴിക്കോട് - തൃശ്ശൂര്‍ പസഞ്ചര്‍
56361 ഷൊര്‍ണ്ണൂര്‍-എറണാകുളം പാസഞ്ചര്‍
56363നിലമ്പൂര്‍-കോട്ടയം പാസഞ്ചര്‍