തിരുവനന്തപുരം: കടുത്ത പ്രളയവും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തില്‍ ചെന്നൈയിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള ട്രെയിനുകൾ റദ്ദാക്കി. വെളളിയാഴ്ച വൈകീട്ട് നാല് വരെയാണ് ട്രെയിനുകള്‍ റദ്ദാക്കിയത്. 

കോട്ടയം വഴിയുള്ള ഒരു ട്രെയിനും ഇന്ന് നാല് മണിവരെ സര്‍വീസ് നടത്തില്ല. ഇതുവഴിയുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്. എറണാകുളം-ഷൊര്‍ണ്ണൂര്‍-പാലക്കാട് റൂട്ടിലും നാല് മണിവരെ ട്രെയിനുകള്‍ ഉണ്ടാവില്ല. മിക്കയിടത്തും ട്രാക്കില്‍ വെള്ളം കയറി കിടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടസപ്പെടാനും സാധ്യതയുണ്ട്. എറണാകുളത്തുനിന്ന് പാലക്കാടേയ്ക്കുള്ള തീവണ്ടികളും 4 മണി വരെ നിർത്തിവച്ചിട്ടുണ്ട്. പരശുറാം എക്സ്പ്രസ് കായംകുളത്ത് യാത്ര ആവസാനിപ്പിക്കും. ജനശദാബ്ദി എക്സ്പ്രസ് റദ്ദാക്കി. ദീർഘദൂര തീവണ്ടികൾ മധുരവഴി തിരിച്ചുവിട്ടിരിക്കുകയാണ്. 

ആലപ്പുഴ വഴി എറണാകുളം തിരുവനന്തപുരം ട്രെയിനുകളും തിരുനെല്‍വേലിയിലേക്ക് നാഗര്‍കോവില്‍ വഴിയും ട്രെയിനുകള്‍ വേഗ നിയന്ത്രണത്തോടെ സര്‍വീസ് നടത്തുമെന്നാണ് ഇപ്പോള്‍ റെയില്‍വേ അധികൃതര്‍ അറിയിക്കുന്നത്. അതേസമയം എറണാകുളം ജില്ലയില്‍ വെള്ളം കയറുന്നതിനാല്‍ ഇവിടേക്കുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അത്യാവശ്യ കര്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും പല പ്രദേശങ്ങളിലും പ്രളയജലം കയറിക്കിടക്കുകയാണെന്നും റെയില്‍വേ അറിയിച്ചു.

അതേ സമയം എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്ത് നിന്ന് നാഗർകോവിൽ വഴി തിരുനെൽവേലിയിലേക്കും സർവീസ് നടത്തുന്നുണ്ട്. വ്യാഴാഴ്ച തിരുവനന്തപുരം- ചെന്നൈ മെയിൽ(12624), ചെന്നൈ സെൻട്രൽ-തിരുവനന്തപുരം മെയിൽ(12623), ചെന്നൈ സെൻട്രൽ-മംഗലാപുരം മെയിൽ(12601), മംഗലാപുരം- ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്‌പ്രസ്(22638), മംഗലാപുരം- ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ്( 12686) തുടങ്ങിയ ട്രെയിനുകൾ റദ്ദാക്കിയിരുന്നു.

മധുര-നിലമ്പൂർ- തിരുവനന്തപുരം എക്സ്‌പ്രസ്, മംഗലാപുരം -തിരുവനന്തപുരം എക്സ്‌പ്രസ്(16348), മംഗലാപുരം സെൻട്രൽ- തിരുവനന്തപുരം( മലബാർ എക്സ്‌പ്രസ് -16630) തുടങ്ങിയ വണ്ടികളും റദ്ദാക്കി. വെള്ളിയാഴ്ച സർവീസ് നടത്തേണ്ട എറണാകുളം -ബറൂണി രപ്തി സാഗർ എക്സ്‌പ്രസ് (12522), എറണാകുളത്തിനും ഈറോഡിനുമിടയിൽ റദ്ദാക്കി. 

ചെന്നൈ സെൻട്രൽ- തിരുവനന്തപുരം എക്സ്‌പ്രസ് (12695) ശനിയാഴ്ച ചെന്നൈയിൽ നിന്ന് പാലക്കാട് വരെ മാത്രമേ സർവീസ് നടത്തൂ. തിരുവനന്തപുരം- ചെന്നൈ സെൻട്രൽ തീവണ്ടി (12696) ശനിയാഴ്ച തിരുവനന്തപുരത്തിനും പാലക്കാടിനുമിടയിൽ സർവീസ് നടത്തില്ല.