രാജ്യത്തെ ആഭ്യന്തര ഇരുചക്രവാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ ടിവിഎസ് ജനപ്രിയ മോഡല്‍ അപ്പാഷെ ആര്‍ആര്‍310ന്‍റെ ബിഎസ്6 എഞ്ചിനുമായി എത്തുന്നു. ഈ മാസം 30നാണ് വാഹനത്തിന്റെ ബിഎസ്6 പതിപ്പ് പുറത്തിറക്കുക.

വാഹനത്തിന്റെ ബിഎസ്6 മോഡലിന് ബിഎസ്6 എഞ്ചിനു പുറമെ ആകര്‍ഷണീയമായ നിറങ്ങളും, പുതിയ ഗ്രാഫിക്‌സും നല്‍കിയിട്ടുണ്ട്. ടിവിഎസ് സ്മാര്‍ട്ട്കണക്റ്റിനൊപ്പം ബ്ലൂടൂത്ത് ടെലിഫോണി സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കറുപ്പ്, ചുവപ്പ്, ചാര നിറങ്ങളില്‍ പുതിയ ഗ്രാഫിക്‌സ് കൂട്ടിയിണക്കിയാണ് വാഹനം മോടിപിടിപ്പിച്ചിരിക്കുന്നത്. 

റേസ് ടൂണ്‍സ് സ്ലിപ്പര്‍ ക്ലച്ചോടുകൂടിയ അപ്പാഷെ വാഹനത്തിന്റെ ഗുണമേന്‍മ ഹൈവേ, ട്രാക്ക് ഡ്രൈവിംഗിലാണ് അറിയാനാകുക. പുതിയ സാങ്കേതിക വിദ്യയില്‍ പുറത്തിറങ്ങിയിരുന്ന വാഹനത്തിന്റെ ആദ്യ ഉപഭോക്താവ് ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോനി ആയിരുന്നു. വാഹനത്തിന്റെ പുതിയ ബിഎസ്6 പതിപ്പിലും ഈ സവിശേഷതകള്‍ നിലനിര്‍ത്തിയിട്ടിട്ടുണ്ട്.

2017 ഡിസംബറിലാണ് ടിവിഎസ് അപ്പാഷെ ആര്‍ആര്‍310നെ പുറത്തിറക്കിയത്. ശേഷം നിരവധി തവണ അപ്‌ഡേഷനുകള്‍ നല്‍കിയിരുന്നു. വേഗതാ നിയന്ത്രണത്തിനുള്ള സ്ലിപ്പര്‍ ക്ലച്ച്, വിന്‍ഡ് സ്‌ക്രീന്‍, കളര്‍ സ്‌കീം എന്നിവ വാഹനത്തിന് നല്‍കിയ അപ്‌ഡേഷനുകളാണ്. 

നിലവിലെ മോഡലില്‍ നിന്നും ബിഎസ്6 ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 ന് 10,000 മുതല്‍ 12,000 രൂപ വരെ വില വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. സമാന നിരയിലുള്ള കെടിഎം ആര്‍സി390യേക്കാള്‍ അപ്പാച്ചി നിര വിപണിയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുമെന്നും വിലയിരുത്തലുകളുണ്ട്.