രാജ്യത്തെ ഐക്കണിക്ക് മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍റായ റോയല്‍ എന്‍ഫീല്‍ഡ് കരുത്തു കൂടിയ പുത്തന്‍ ബുള്ളറ്റ് മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ചരിത്രത്തിൽ ആദ്യമായി റോയൽ എൻഫീൽഡ് പുറത്തിറങ്ങുന്ന ട്വിൻ സിലിണ്ടർ എൻജിനായിരിക്കും ബൈക്കിന്റേതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പരീക്ഷണയോട്ടങ്ങൾ നടത്തുന്ന ബൈക്കിന്റെ ചിത്രങ്ങള്‍ അടുത്തിടെയായി സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ വാര്‍ത്തകള്‍.

ആദ്യം കഫേ റെയ്സറിൽ 750 സിസി എൻജിൻ ഘടിപ്പിച്ചായിരുന്നു പരീക്ഷണമെങ്കിൽ ഇപ്പോൾ രണ്ടു തരത്തിലുള്ള ബൈക്കുകളിൽ 750 സിസി എൻജിൻ ഘടിപ്പിച്ച് പരീക്ഷണയോട്ടം നടത്തുന്നുണ്ടെന്നാണ് അടുത്ത കാലത്ത് പുറത്തു വന്ന ഈ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. ഹിമാലയനിൽ ഉപയോഗിച്ചിരിക്കുന്ന 410 സിസി എൻജിനു ശേഷം കമ്പനി വികസിപ്പിക്കുന്ന ഏറ്റവും നൂതന എൻജിനായിരിക്കും പുതിയ ബൈക്കിൽ.

യുകെയിൽ കമ്പനി പുതുതായി സ്ഥാപിച്ച ടെക്നിക്കൽ സെന്ററിലാണ് ബൈക്ക് വികസിപ്പിച്ചത്. റോയൽ എൻഫീൽഡ് ഇന്നുവരെ നിർമിച്ചതിൽ ഏറ്റവുമധികം ശേഷിയും കരുത്തുമുള്ള എൻജിനായിരിക്കും പുതിയത്. ഏകദേശം 45 മുതൽ 50 ബിഎച്ച്പി വരെ കരുത്തും 60 മുതൽ 70 എൻഎം വരെ ടോർക്കുമുള്ള എൻജിനിൽ കാർബറേറ്ററായിരിക്കും ഉപയോഗിക്കുക.

അഞ്ചു സ്പീഡ് ഗിയർബോക്സ് ഉപയോഗിക്കുന്ന ബൈക്കിൽ എബിഎസ് ഓപ്ഷണലായി ഉണ്ടായേക്കുമെന്നും യൂറോപ്യൻ വിപണി കൂടി മുന്നിൽകണ്ടു നിർമിക്കുന്ന ബൈക്കിനു യൂറോ 4 നിലവാരം ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഹാർലി ഡേവിഡ്സൺ സ്ട്രീറ്റ് 750, ട്രയംഫ് ബോൺവില്ല തുടങ്ങിയ ബൈക്കുകളുമായി മൽസരിക്കാനെത്തുന്ന റോയൽ എൻഫീൽഡ് 750 ന്റെ പരമാവധി വേഗത 160 കീമി ആയിരിക്കും. മൂന്നു മുതൽ നാലു ലക്ഷം വരെയാണു പ്രതീക്ഷിക്കുന്ന വില. 2018 ആദ്യം പുതിയ ബൈക്ക് നിരത്തിലിറങ്ങുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.