ഇരുചക്രവാഹനനിര്‍മാതാക്കള്‍ സ്റ്റോക്ക് വന്‍ ഡിസ്കൗണ്ട് നല്‍കി വിറ്റുതീര്‍ക്കുന്നു. ഏപ്രില്‍ ഒന്നു മുതല്‍ ബിഎസ് 3 വാഹനങ്ങളുടെ വില്‍പ്പന സുപ്രീം കോടതി തടഞ്ഞ സാഹചര്യത്തിലാണിത്. ഹീറോ മോട്ടോ കോര്‍പ്പ്, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ, ടിവിഎസ് എന്നീ കമ്പനികളാണ് ഇന്നും നാളെയും വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കമ്പനികളുടെ പക്കല്‍ ആകെ 6.71 ലക്ഷം ടൂവീലറുകളാണ് സ്റ്റോക്കുള്ളത്. അയ്യായിരം മുതല്‍ 20,000 രൂപ വരെ വിവിധ മോഡലുകള്‍ക്ക് വിലക്കിഴിവ് ലഭിക്കും. സ്റ്റോക്കുള്ള ബിഎസ് 3 വാഹനങ്ങള്‍ക്ക് മാത്രമാണ് വിലക്കിഴിവ്.
ഡ്രീം നിയോ, സിബിആര്‍ 150 ആര്‍ , സിബിആര്‍ 250 ആര്‍ , സിബി ഷൈന്‍ , ഡിയോ, ആക്ടിവ ത്രീ ജി, ഡ്രീം യുഗ, എന്നീ ഹോണ്ട മോഡലുകള്‍ക്കും ഹീറോയുടെ ബൈക്കുകളും മയിസ്ട്രോ സ്കൂട്ടറുകളും വിലക്കുറവില്‍ ലഭിക്കും. അപ്പാഷെ 160, അപ്പാഷെ ആര്‍ടിആര്‍ 200 ഫോര്‍ വി, വിക്ടര്‍ 110, ജൂപ്പിറ്റര്‍ മോഡലുകള്‍ക്ക് വിലക്കിഴിവ് ലഭിക്കും.
ഈമാസം 31 വരെ വില്‍ക്കുന്ന ബിഎസ് 3 വാഹനങ്ങള്‍ പിന്നീട് രജിസ്റ്റര്‍ ചെയ്യാന്‍ തടസമില്ല. എന്നാല്‍ ഏപ്രില്‍ ഒന്നിനു മുമ്പ് വാങ്ങിയതാണെന്നുള്ളതിന്റെ തെളിവ് രജിസ്ട്രേഷന്‍ അധികൃതര്‍ക്ക് മുന്നില്‍ ഹാജരാക്കണമെന്നു മാത്രം.
