ദില്ലി: തലേന്ന് വാഹനം പാര്‍ക്ക് ചെയ്ത്  രാവിലെ വാഹനം എടുക്കാനെത്തിയ രാജ്യത്തിന്‍റെ തലസ്ഥാന നഗരിയിലെ ചില കാറുടമകള്‍ ഞെട്ടി. മിക്ക കാറുകള്‍ക്കും ടയറുകളില്ല. വാഹനങ്ങള്‍ ഇഷ്‍ടികയില്‍ ഉയര്‍ത്തി വച്ചിരിക്കുന്ന നിലയിലും. ദില്ലി ടാഗോര്‍ ഗാര്‍ഡന്‍ ഷോപ്പിങ് കോംപ്ലക്‌സിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറുകളുടെ ടയറുകളാണ് നഷ്‍ടമായത്.

ആഢംബര കാറുകളുടെ അലോയ് വീലുകളോടുകൂടിയ ടയറുകളാണ് പതിവായി മോഷണം പോകുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പതിനൊന്നോളം ആഢംബര കാറുകളുടെ ടയറുകളാണ് ഇങ്ങനെ നഷ്‍ടപ്പെട്ടത്. 

ജാക്കി ഉപയോഗിച്ച് കാര്‍ ഉയര്‍ത്തിയാണ് വീല്‍ അഴിച്ചെടുക്കുന്നത്. തുടര്‍ന്ന് ഇഷ്ടികകളില്‍ താങ്ങിനിര്‍ത്തി ടയറുകളുമായി സ്ഥലം വിടുകയാണ് മോഷ്‍ടാക്കളുടെ രീതി. അത്യാധുനിക സംവിധാനങ്ങളുള്ള കാറുകള്‍ മോഷ്ടിക്കുന്നത് വിഷമകരമായതിനാല്‍ മോഷ്‍ടാക്കള്‍ പുതിയ മേഖലകള്‍ തേടുകയാണെന്നാണ് പൊലീസ് കരുതുന്നത്.