കൊല്‍ക്കത്ത: ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസായ യൂബര്‍ ഇന്ത്യന്‍ റെയില്‍വെയുമായി കൈകോര്‍ക്കുന്നു. യാത്രക്കാരെ സഹായിക്കുന്നതിന്റെ ഭാഗമായി ഏറ്റവും തിരക്കുളള കിഴക്കന്‍ റെയില്‍വെുമായി ചേര്‍ന്നാണ് യൂബര്‍ ടാക്‌സി സര്‍വ്വീസ് ആരംഭിക്കുന്നത്. 

ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള പശ്ചിമ ബംഗാളിലെ ഹൗറ സ്‌റ്റേഷനില്‍നിന്നാണ് പദ്ധതിയുടെ തുടക്കം. യാത്ര ബുക്ക് ചെയ്യാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ സൗകര്യം ലഭ്യമല്ലാത്തവര്‍ക്ക് യൂബര്‍ റെയില്‍വെ സ്റ്റേഷനമുകളില്‍ ബുക്കിംഗ് സൗകര്യമൊരുക്കും.

സ്റ്റേഷന് പുറത്ത് ഏത് നിമിഷവും യാത്രയ്ക്ക് സജ്ജമായി വാഹങ്ങള്‍ കാത്തുനില്‍ക്കുന്നുണ്ടാകുമെന്നും യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ യൂബറിന്റെ തന്നെ ജീവനക്കാര്‍ അവിടെ ഉണ്ടാകുമെന്നും യൂബര്‍ വക്താവ് പറഞ്ഞു. 

കാര്‍ ഡ്രൈവറിലെത്താന്‍ വേണ്ട നിര്‍ദ്ദേശങ്ങളും ആപ് നല്‍കും. പല പൊതുമേല സ്ഥാപനങ്ങളുമായും തങ്ങള്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും റെയില്‍വെയുമായി ചേര്‍ന്നുള്ള പദ്ധതി വിജയകരമാകുമെന്നും കൊല്‍ക്കത്തയിലെ യൂബര്‍ ജനറല്‍ മാനേജര്‍ അര്‍പിത് മന്ത്ര പറഞ്ഞു. 

നിലവില്‍ ഹൗറ സ്റ്റേഷനില്‍ ആഴ്ചയില്‍ 8000 തവണ യാത്രക്കാര്‍ യൂബര്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പുതിയ സേവനം ഒരുക്കുന്നതുവഴി കൂടുതല്‍ ആളുകള്‍ യൂബര്‍ ഉപയോഗിക്കുമെന്നാണ് കരുതുന്നതെന്നും അര്‍പിത് വ്യക്തമാക്കി.