കാര്‍ വാങ്ങാനെത്തി ഷോറൂമിലെ ഡിസ്‍പ്ലേ കാറില്‍ കയറിയ യുവതിക്ക് പറ്റിയ അബദ്ധത്തിന്‍റെ വീഡിയോ സാമൂഹിക സാധ്യമങ്ങളിലും യൂ ടൂബിലും വൈറലാകുന്നു. ഹിമാചല്‍ പ്രദേശിലെ മാണ്ഡിയിലെ ഹ്യുണ്ടായി ഷോറൂമിലാണ് സംഭവം. 

ഷോറൂമിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഷോറൂമിലെത്തിയ സ്‍ത്രീ, സെയില്‍സ് എക്‌സിക്യൂട്ടീവിനോട് വാഹനത്തിന്റെ വിശദാംശങ്ങള്‍ ചോദിക്കുന്നതും ശേഷം ഡിസ്‌പ്ലെ വാഹനത്തില്‍ കയറുന്നതുമൊക്കെ വീഡിയോയില്‍ വ്യക്തമാണ്. 

തുടര്‍ന്ന് പെട്ടെന്ന് കാര്‍ അതിവേഗത്തില്‍ മുന്നോട്ടു കുതിക്കുകയും ഷോറൂമിന്റെ ചില്ലുകള്‍ തകര്‍ത്ത് താഴെയുള്ള റോഡിലേക്ക് പറന്നിറങ്ങുന്നതും വീഡിയോയില്‍ കാണാം. ഷോറൂമിന്‍റെ മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറുകളില്‍ ഇടിച്ച ശേഷവും വാഹനം മുന്നോട്ടു പോകുന്നത് കാണാം. ഷോറൂമിന് പുറത്തു നിന്ന ആളുകള്‍ തലനാരിഴയ്‍ക്കാണ് രക്ഷപ്പെട്ടത്. 

സ്‍ത്രീക്ക് പറ്റിയ അബദ്ധമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റാര്‍ട്ടാക്കിയപ്പോള്‍ അറിയാതെ മുന്നോട്ടോടുകയായിരുന്നു എന്നാണ് കരുതുന്നത്.