റെയില്‍പ്പാളത്തിലൂടെ കൂകിപ്പായുന്നൊരു വിമാനത്തില്‍ യാത്ര ചെയ്യുന്ന അനുഭവത്തെപ്പറ്റി ചിന്തിച്ചിച്ചുണ്ടോ? പഴകിത്തുരുമ്പിച്ച ട്രെയിന്‍ കോച്ചുകള്‍ മാത്രം കണ്ടുശീലിച്ച മലയാളികള്‍ക്ക് അതൊരു സ്വപ്നം തന്നെയായിരിക്കും. എന്നാല്‍ ഇനി അങ്ങനൊരു യാത്രാനുഭവമാണ് വേണാട് എക്സ്പ്രസ് സമ്മാനിക്കുക.
മികച്ച യാത്രാ സൗകര്യമൊരുക്കി പുതിയ വേണാട് എക്‌സ്പ്രസ് ഇന്നു മുതല്‍ ഓടിത്തുടങ്ങി. കുഷ്യന്‍ സീറ്റുകളും എല്‍ഇഡി ഡിസ്‌പ്ലേയും മോഡുലാര്‍ ശുചിമുറിയുമെല്ലാം ഉള്‍പ്പെടെ അക്ഷരാര്‍ത്ഥത്തില്‍ വിമാനയാത്രയ്ക്കു സമാനമായൊരു അനുഭവമാകും ഇനിമുതല്‍ തിരുവനന്തപുരം - ഷോര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് യാത്രികര്‍ക്ക് സമ്മാനിക്കുന്നത്.

അപകടമുണ്ടായാല്‍ പരസ്പരം ഇടിച്ചു കയറാത്ത സെന്റര്‍ ബഫര്‍ കപ്ലിങ് (സിബിസി) സാങ്കേതികവിദ്യയുള്ള കോച്ചുകളാണ് ട്രെയിനിന്‍റെ മറ്റൊരു വലിയ പ്രത്യേകത. വിമാനത്തിലെ ബിസിനസ് ക്ലാസിനെ വെല്ലുന്ന മികച്ച സീറ്റുകളും ലെഗ് സ്പെയിസുമാണു എസി കോച്ചിലുള്ളത്. അടുത്ത സ്റ്റേഷന്‍ എതാണെന്നു കാണിക്കുന്ന എല്‍ഇഡി ഡിസ്‌പ്ലേയും ശുചിമുറി ഒഴിവുണ്ടെങ്കില്‍ അതു കാണിക്കുന്ന കളര്‍ ഇന്‍ഡിക്കേറ്ററുകളുമെല്ലാം കോച്ചുകളിലുണ്ട്.
പുതിയ കോച്ചുകളുമായുള്ള ആദ്യയാത്രയില്‍ വേണാടിനു വഴി നീളെ നിരവധി സ്വീകരണം ലഭിച്ചു. കൂടാതെ ഓള്‍ കേരള റെയില്‍വേ യൂസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കോട്ടയത്തും എറണാകുളത്തും ട്രെയിനിനു സ്വീകരണം നല്‍കി. ട്രെയിൻ വൃത്തിയായി സൂക്ഷിക്കാൻ യാത്രക്കാർ ശ്രദ്ധിക്കണമെന്നാണു റെയിൽവേയുടെ ആവശ്യം.
