ന്യൂഡൽഹി∙ റൺവേയിൽ നില്‍ക്കുന്ന ഒൻപതു മോഡലുകളുടെ തലയ്ക്കു മുകളിലൂടെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ കുതിച്ചുയരുന്ന വിമാനം. മണിക്കൂറുകള്‍ക്കു മുമ്പ് പുറത്തു വന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. എംഎംഎസ് ആയാണ് വിഡിയോ പ്രചരിക്കുന്നത്.
എന്നാല്‍ സകല സുരക്ഷാ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തിയുള്ള ചിത്രീകരണം ഇപ്പോൾ പുലിവാലു പിടിച്ചിരിക്കുന്നു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വ്യക്തമാക്കി.
രാജസ്ഥാനിലാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് സൂചന. വിഡിയോയിലുള്ള മറ്റൊരു ദൃശ്യത്തിൽ ജയ്പൂരിലെ ഹവാ മഹലിനു മുന്നിൽ ഒരു മോഡൽ നിൽക്കുന്നതും ഉൾക്കൊള്ളിച്ചിട്ടുണ്ട്. മൂന്നാമത്തെ ദൃശ്യത്തിൽ ഈ വിമാനത്തിൽ മോഡലുകൾ കയറുന്നതും ആകാശത്തിലൂടെ യാത്രചെയ്യുന്നതും കാണാം. മുംബൈ ആസ്ഥാനമായ കമ്പനിയുടേതാണ് 14 പേർക്കിരിക്കാവുന്ന ചെറു വിമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

