'96' എന്ന സിനിമയിലൂടെ ജാനുവിന്‍റെയും റാമിന്‍റെയും നഷ്‍ടപ്രണയത്തിന്‍റെ കഥ പറഞ്ഞ് പ്രേക്ഷകരുടെ നെഞ്ചില്‍ കുടിയേറിയ സംവിധായകനാണ് സി പ്രേംകുമാർ. സിനിമ നൂറുദിവസം പിന്നിടുമ്പോള്‍ സംവിധായകന് നായകനായ മക്കള്‍സെല്‍വന്‍ വിജയ് സേതുപതി നല്‍കിയ ഒരു സമ്മാനമാണ് ഇപ്പോള്‍ വാഹന ലോകത്തും സിനിമാ ലോകത്തും കൗതുക വാര്‍ത്ത. 

ഐക്കണിക്ക് ഇരുചക്രവാഹന ബ്രാന്‍ഡായ റോയൽ എൻഫീൽഡ് അടുത്തിടെ പുറത്തിറക്കിയ ഇരട്ടക്കുട്ടികളിലൊന്നായ ഇന്റർസെപ്റ്റർ 650 ആണ് പ്രേംകുമാറിന് മക്കള്‍സെല്‍വന്‍റെ സ്നേഹ സമ്മാനം. ഇവിടം കൊണ്ടും തീര്‍ന്നില്ല. ബൈക്കിനൊപ്പം 0096 എന്ന രജിസ്ട്രേഷൻ നമ്പര്‍ കൂടി വാങ്ങി നൽകിയാണ് സേതുപതി പ്രിയ സംവിധായകനെ വീണ്ടും അമ്പരപ്പിച്ചത്.

2018 നവംബര്‍ 14നാണ് ഇന്‍റര്‍സെപ്റ്റര്‍ 650,  കോണ്‍ടിനന്‍റല്‍ ജിടി മോഡലുകളെ  കമ്പനി ഔദ്യോഗികമായി ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇന്‍റര്‍സെപ്റ്ററിന് 2.50 ലക്ഷം രൂപ മുതല്‍ 2.70 ലക്ഷം രൂപയും കോണ്ടിനെന്റല്‍ ജിടിക്ക് 2.65 ലക്ഷം മുതല്‍ 2.85 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില. 

2017 നവംബറില്‍ ഇറ്റലിയില്‍ നടന്ന മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയിലാണ് ഇരു മോട്ടോര്‍ സൈക്കിളുകളെയും  കമ്പനി ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. റോയൽ എൻഫീൽഡിന്‍റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് 648 സിസിയിൽ പാരലൽ ട്വിൻ എഞ്ചിൻ ഒരുങ്ങുന്നത്. 1960കളിലെ തനിമ കൈവിടാതെയാണ് ഇന്‍റർസ്പെറ്ററിന്‍റെ രൂപകല്‍പ്പന.

2,122 mm നീളവും 1,165 mm വീതിയും 789 mm ഉയരവും ഇന്റര്‍സെപ്റ്റര്‍ 650 -ക്കുണ്ട്. 13.7 ലിറ്ററാണ് ഇന്ധനശേഷി. ഭാരം 202 കിലോയും. 648 സിസി ഇരട്ട സിലിണ്ടര്‍ എഞ്ചിന് 47 bhp കരുത്തും 52 Nm ടോർക്കും പരമാവധി സൃഷ്ടിക്കാനാവും. ലിക്വിഡ് കൂളിംഗ് സംവിധാനവും എഞ്ചിനിലുണ്ട്.

ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം (2019 IMOTY)ഇന്‍റര്‍സെപ്റ്റര്‍ 650 അടുത്തിടെ ഇന്റർസെപ്റ്റർ 650 സ്വന്തമാക്കിയിരുന്നു. റോയൽ എൻഫീൽഡ് ബൈക്കുകളുടെ കടുത്ത ആരാധകനാണ് വിജയ് സേതുപതി. 

തമിഴില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും ജനപ്രീതി നേടിയ സിനിമകളുടെ കൂട്ടത്തിലാണ് '96'ന്റെ സ്ഥാനം. വിജയ് സേതുപതിയും തൃഷയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും വലിയ വിജയം നേടിയിരുന്നു. കന്നഡയില്‍ ചിത്രത്തിന് ഒരു റീമേക്ക് ഒരുങ്ങുകയാണ്.

96 കന്നഡയില്‍ എത്തുമ്പോള്‍ 99 എന്ന് പേരില്‍ മാറ്റം വരുത്തിയിട്ടുണ്ട്. റാം എന്ന, തമിഴില്‍ വിജയ് സേതുപതി അവതരിപ്പിച്ച കഥാപാത്രത്തെ കന്നഡയില്‍ അവതരിപ്പിക്കുന്നത് 'ഗോള്‍ഡന്‍ സ്റ്റാര്‍' എന്ന് വിശേഷണമുള്ള ഗണേഷ് ആണ്. ജാനു എന്ന, തമിഴില്‍ തൃഷ അവതരിപ്പിച്ച നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഭാവനയും. എന്നാല്‍ പുറത്തെത്തിയ ഫസ്റ്റ് ലുക്കില്‍ ഗണേഷ് അവതരിപ്പിക്കുന്ന നായകകഥാപാത്രം മാത്രമാണുള്ളത്.

പ്രീതം ഗബ്ബിയാണ് സംവിധായകന്‍. തമിഴിലേതുപോലെ സംഗീതത്തിന് പ്രാധാന്യമുള്ള സിനിമയായിരിക്കും കന്നഡയില്‍ റീമേക്കിന് ശേഷം എത്തുമ്പോഴും. പ്രമുഖ സംഗീത സംവിധായകന്‍ അര്‍ജുന്‍ ജന്യയാണ് ചിത്രത്തിന് സംഗീതം പകരുന്നത്. അര്‍ജുന്‍ ജന്യയുടെ നൂറാമത് ചിത്രം എന്ന പ്രത്യേകതയുമുണ്ട്.