മൈലേജു കൂട്ടി മോഹവില പുത്തന്‍ പോളോ വിപണിയില്‍

ജര്‍മ്മന്‍ വാഹനനിര്‍മ്മാതാക്കളായ ഫോകസ് വാഗന്‍റെ ജനപ്രിയ ഹാച്ച്ബാക്ക് പോളോയുടെ പുതുക്കിയ രൂപം വിപണിയിലെത്തി. പഴയ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന് പകരം പുതിയ 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലാണ് 2018 പോളോ നിരത്തിലെത്തിയത്. 5.41 ലക്ഷം രൂപ മുതലാണ് 1.0 ലിറ്റര്‍ പോളോയുടെ എക്‌സ്‌ഷോറൂം വില. 

1.0 ലിറ്റര്‍ 999 സിസി ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 6200 ആര്‍പിഎമ്മില്‍ 75 ബിഎച്ച്പി പവറും 3000-4000 ആര്‍പിഎമ്മില്‍ 95 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. പഴയ 1.2 ലിറ്റര്‍ എന്‍ജിന്‍ 74 ബിഎച്ച്പി പവറും 110 എന്‍എം ടോര്‍ക്കുമാണ് നല്‍കിയിരുന്നത്. 5 സ്പീഡാണ് ഗിയര്‍ബോക്‌സ്. 18.78 കിലോമീറ്ററാണ് ഇന്ധനക്ഷമത. പഴയ പോളോ എന്‍ജിനില്‍ 16.47 കിലോമീറ്ററായിരുന്നു ഇത്. 

പെട്രോളില്‍ മാത്രമാണ് മാറ്റം പഴയ ഡീസല്‍ എന്‍ജിന്‍ അതേപടി തുടരും. 4200 ആര്‍പിഎമ്മില്‍ 89 ബിഎച്ച്പി പവറും 1500-2500 ആര്‍പിഎമ്മില്‍ 230 എന്‍എം ടോര്‍ക്കുമേകുന്നതാണ് 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍. പോളോ GT TSI വകഭേദം പഴയ 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനില്‍ തുടര്‍ന്നും ലഭിക്കും. 104 ബിഎച്ച്പി പവറും 175 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്‍ടിക്കും. 1.0 ലിറ്റര്‍ എന്‍ജിന്‍ പുതിയ അമിയോയിലും കമ്പനി ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. 2009-ല്‍ ഇന്ത്യയിലെത്തിയ പോളോ ഇതാദ്യമായാണ് പുതിയ പെട്രോള്‍ എന്‍ജിന്‍ പരീക്ഷിക്കുന്നത്.