ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്സ്‌വാഗൻ പോളോ ജി ടി ഐയുടെ വില കുറച്ചു. ആറു ലക്ഷം രൂപയുടെ കിഴിവാണ് വരുത്തിയിരിക്കുന്നത്. 2016 നവംബറിലാണ് വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. 25.99 ലക്ഷം രൂപ വിലയില്‍ ലിമിറ്റഡ് എഡിഷന്‍ മോഡലായിട്ടായിരുന്നു വാഹനത്തിന്‍റെ രംഗപ്രവേശം. എന്നാല്‍ പ്രതീക്ഷിച്ച വില്‍പന നേടാന്‍ പോളോ ജിടിഐയ്ക്ക് സാധിച്ചില്ല. മിച്ചമുള്ള പോളോ ജിടിഐകളെ എത്രയും പെട്ടെന്ന് വിറ്റഴിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായിട്ടാണ് ഫോക്സ് വാഗണ്‍ വമ്പന്‍ വിലക്കിഴിവ് വരുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
189 ബിഎച്ച്പി കരുത്തും 250 എന്‍ എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.8 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ ടിഎസ്‌ഐ എഞ്ചിനാണ് പോളോ ജിടിഐക്ക് കരുത്ത് പകരുന്നത്. ഫ്രണ്ട് വീൽഡ്രൈവ് ലേ ഔട്ടുള്ള കാറിന്റെ ട്രാൻസ്മിഷൻ 7 സ്പീഡ് ഓട്ടോമാറ്റിക് ഡിഎസ്‍ജി ഗിയര്‍ബോക്‌സാണ്. ഗ്രാന്‍ഡ് ടൂറിങ് ഇഞ്ചക്ഷൻ സ്പോർട്‍സ് എന്നതിന്റെ ചുരുക്കെഴുത്താണു പേരിലെ ജി ടി ഐ.
വിദേശ വിപണികളിൽ മാനുവൽ ഗീയർബോക്സുള്ള ജി ടി ഐയും വിൽപ്പനയ്ക്കുണ്ട്. 320 എൻ എം ടോർക്കാണ് ഈ കാറിലെ എൻജിൻ സൃഷ്ടിക്കുക. ഡേ ടൈം റണ്ണിങ് ലാംപ് സഹിതം എൽ ഇ ഡി ഹെഡ്ലാംപ്, വീതിയേറിയ 215/40 ടയർ സഹിതം അഞ്ച് സ്പോക്ക് അലോയ് വീൽ, സൺ റൂഫ്, ക്രോമിയം പൂശിയ ഇരട്ട എക്സോസ്റ്റ്, മൂന്നു സ്പോക്ക് — ഫ്ളാറ്റ് ബോട്ടം സ്റ്റീയറിങ് വീൽ, അലൂമിനിയം പെഡൽ, ചുവപ്പ് കോൺട്രാസ്റ്റ് സ്റ്റിച്ചിങ്ങോടെ ജകാര അപ്ഹോൾസ്ട്രി, വലിയ ടച്ച് സ്‍ക്രീന്‍ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, ആറ് എയർബാഗ്, ക്രൂസ് കൺട്രോൾ, എ ബി എസ്, ഹിൽ ഹോൾഡ്, ഇ എസ് പി തുടങ്ങിയവയെല്ലാമായിട്ടാണു പോളോ ജി ടി ഐയുടെ വരവ്.
മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ പോളോ ജിടിഐക്ക് കേവലം 7.2 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 233 കിലോമീറ്റര്‍ വേഗതയാണ് പരമാവധി വേഗം. പുതുക്കിയ ബമ്പറും, സ്‌പോയിലര്‍ ലിപും, ഫോഗ് ലൈറ്റുകളും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി പോളോ ജിടിഐയില്‍ ഒരുങ്ങുന്നുണ്ട്. റിയര്‍ എന്‍ഡില്‍ വലുപ്പമേറിയ റൂഫ് സ്‌പോയിലറും, ഡിഫ്യൂസറും, ഡ്യൂവല്‍ ടെയില്‍ പൈപുകളും എല്‍ഇഡി ടെയില്‍ ലൈറ്റുകളും ജിടിഐ ബാഡ്‍ജും പ്രത്യേകതയാണ്.
ഫിയറ്റ് അബാര്‍ത്ത് 595 കോമ്പറ്റിസിയോന്‍, മിനി കൂപ്പര്‍ എസ് മോഡലുകള്‍ക്ക് എതിരായാണ് പെര്‍ഫോര്‍മന്‍സ് ഹാച്ച്ബാക്ക് പോളോ ജിടിഐയെ ഫോക്‌സ്‌വാഗണ്‍ പുറത്തിറക്കിയത്. ഫിയറ്റ് പുന്തൊ അബാർത്ത്, മിനി കൂപ്പർ എസ്, അബാർത്ത് 595 കോംപെറ്റീസൻ തുടങ്ങിയ പ്രീമിയം ഹാച്ച്ബാക്കുകളാണ് എതിരാളികള്‍.
എന്തായാലും 25.99 ലക്ഷം രൂപ വിലയില്‍ അവതരിച്ച ത്രീ-ഡോര്‍ ഹാച്ച്ബാക്ക്, ഇനി 19.99 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ സാന്നിധ്യമറിയിക്കും. ഫോക്‌സ്‌വാഗണിന്റെ മുംബൈ ഡീലര്‍ഷിപ്പുകള്‍ ഇതിനകം വിലക്കുറവ് പ്രാബല്യത്തില്‍ വരുത്തിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍.
