
അന്തരീക്ഷ മലീനികരണം കുറയ്ക്കാനാണ് ഏപ്രില്‍ ഒന്നുമുതല്‍ ഭാരത് സ്റ്റേജ് ത്രീ വാഹനങ്ങളുടെ വിൽപ്പന കോടതി നിരോധിച്ചത്. കച്ചവട താത്പര്യമല്ല ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്ന് സുപ്രീംകോടതിയുടെ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
നിലവിലുള്ള എട്ടേകാൽ ലക്ഷത്തോളം വരുന്ന ബിഎസ്-3 വാഹനങ്ങള്‍ വില്‍ക്കാനുള്ള സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് വാഹനനിര്‍മ്മാതാക്കളും ഡീലര്‍മാരും നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. ശനിയാഴ്ച്ച മുതൽ ബിഎസ് ഫോര്‍ വാഹനങ്ങൾ മാത്രമേ വിൽക്കാനാകൂവെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 96,724 വാണിജ്യ വാഹനങ്ങളും 6.7 ലക്ഷം ഇരു ചക്ര വാഹനങ്ങളും, 40,048 മുചക്ര വാഹനങ്ങളും 16,198 കാറുകളും ഇതോടെ ശനിയാഴ്ച്ച മുതൽ വിൽക്കാനാകില്ല. 12,000 കോടിയുടെ നഷ്ടമാണ് വാഹന നിര്‍മ്മാണ കമ്പനികൾക്കുണ്ടാകുക.
ഇതോടെ ബി എസ് 3 വാഹനങ്ങള്‍ വന്‍വിലക്കുറവില്‍ വിറ്റഴിക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് മിക്ക വാഹനനിര്‍മ്മാതാക്കളും. ഈ സാഹചര്യത്തില്‍ സാധാരണക്കാരില്‍ പലര്‍ക്കും ഉണ്ടായേക്കാവുന്ന സംശയമാണ് ബി എസ് അഥവാ ഭാരത് സ്റ്റേജ് എന്നാല്‍ എന്താണെന്നുള്ളത്.
എന്താണ് ബിഎസ്?
രാജ്യത്ത് വാഹന എഞ്ചിനില്‍ നിന്നും ബഹിര്‍ഗമിക്കുന്ന മലിനീകരണ വായുവിന്‍റെ അളവ് നിയന്ത്രിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനമാണ് ഭാരത് സ്റ്റേജ് എമിഷന്‍ സ്റ്റാന്‍ഡേഡ്. ഇതിന്‍റെ ചുരുക്കെഴുത്താണ് ബി എസ്. പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ പുറം തള്ളുന്ന പുകയില്‍ അടങ്ങിയ കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡ്, ഹൈഡ്രോ കാര്‍ബണ്‍ തുടങ്ങിയ വിഷ പദാര്‍ഥങ്ങളുടെ അളവ് സംബന്ധിച്ച മാനദണ്ഡമാണ് ഭാരത് സ്റ്റേജ്. ഘട്ടംഘട്ടമായാണ് നിലവാര പരിധി നടപ്പാക്കുക. ബിഎസ് 1-ല്‍ തുടങ്ങി നിലവില്‍ ഇത് ബിഎസ് 4-ല്‍ എത്തി നില്‍ക്കുന്നു.

1991ലാണ് ആദ്യമായി ഇന്ത്യയിൽ മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ നിലവിൽവന്നത്. ആദ്യം പെട്രോൾ വാഹനങ്ങൾക്കായിരുന്നു. തൊട്ടടുത്ത വർഷം ഡീസൽ എൻജിനുകൾക്കുള്ള ചട്ടങ്ങൾ നിലവിൽവന്നു. കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡാണ് ഇത് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത്.
ചട്ടങ്ങൾ പ്രകാരം ഓരോ സ്റ്റേജിലുമുള്ള വാഹനങ്ങളിൽനിന്നു ബഹിർഗമിക്കുന്ന വാതകങ്ങൾക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. കാർബൺ മോണോക്സൈഡ്, ഹൈഡ്രോ കാർബണുകൾ, സൂക്ഷ്മ ഘടകങ്ങൾ എന്നിവയുടെ അളവുകളാണ് ഓരോ വിഭാഗത്തിലും പറയുന്നത്.

1998വരെ ആദ്യം രൂപീകരിച്ച മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ക്ക് അനുസൃതമായിട്ടായിരുന്നു രാജ്യത്തെ വാഹനനിര്‍മ്മാണം. എന്നാല്‍ 2000ത്തിലാണ് യൂറോപ്യൻ യൂണിയന്‍ മാനദണ്ഡങ്ങളനുസരിച്ചുള്ള ഭാരത് സ്റ്റേജ് എമിഷന്‍ സ്റ്റാന്‍ഡേഡ് രൂപപ്പെടുത്തുന്നത്. തൊട്ടടുത്ത വര്‍ഷം ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവടങ്ങില്‍ ബിഎസ് 2 നടപ്പിലാക്കി. 2005-ഓടെയാണ് രാജ്യവ്യാപകമായി ബിഎസ് 2 നടപ്പാക്കിയത്. 2010-ലാണ് ബിഎസ് 3 നിലവാരത്തിലെക്കെത്തുന്നത്.
2010 ഒക്ടോബര്‍ മുതല്‍ ബി എസ് 3 മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് വാഹനനിര്‍മ്മാണം നടക്കുന്നത്. പുകമാലിന്യങ്ങളുടെ അളവ് കുറയ്ക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തെ 13 നഗരങ്ങളില്‍ ഇപ്പോള്‍ത്തന്നെ ബി എസ് 4 മാനദണ്ഡം പാലിക്കുന്ന വാഹനങ്ങള്‍ മാത്രമേ ഉപയോഗിക്കാനാകൂ.

ബി എസ് - 3 പ്രകാരമുള്ളവയുടെ പകുതിയിൽ താഴെ ബഹിർഗമനമേ ബി എസ് - 4 ചട്ടങ്ങൾ അനുവദിക്കുന്നുള്ളൂ. മലിനീകരണം അതിനനുസരിച്ച് കുറയും. 2020ൽ നടപ്പാക്കാനുദ്ദേശിക്കുന്ന ബിഎസ്-6 ചട്ടങ്ങൾ ബിഎസ്-4 ചട്ടങ്ങളേക്കാൾ കർശനമായിരിക്കും.
ഇപ്പോള്‍ നിലവിലുള്ള ചട്ടങ്ങളുടെ വിശദവിവരങ്ങള്‍ ചുവടെ

(CO - കാർബൺ മോണോക്സൈഡ് ബഹിർഗമനം, HC - ഹൈഡ്രോ കാർബണുകൾ, NOx - നൈട്രജൻ ഓക്സൈഡ് ബഹിർഗമനം, PM - പർട്ടിക്കുലേറ്റ് മാറ്റർ)
ബിഎസ്3യും ബിഎസ് 4ഉം തമ്മിലുള്ള വ്യത്യാസം
ബി എസ്-3നെ അപേക്ഷിച്ച് ബി എസ് -4 ഗണത്തില്‍പെടുന്ന വാഹനങ്ങളില്‍ മലിനീകരണ നിയന്ത്രണ തോത് കുറവായിരിക്കും. അതായത് ബി എസ്-3 വാഹനങ്ങളെക്കാള്‍ 80 ശതമാനം കുറവ് മലിനീകരണം മാത്രമെ ബി എസ് -4 വാഹനങ്ങള്‍ക്കുണ്ടാവൂ.
ബിഎസ് -6
ഇന്ത്യയില്‍ മലിനീകരണ തോത് വളരെക്കൂടുതലായതിനാല്‍ 2020-ഓടെ ബിഎസ് 6 നിലവാരം കൈവരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ബിഎസ് 5 നിലവാരത്തില്‍ തൊടാതെയാണ് ഒറ്റയടിക്ക് ബിഎസ് 6-ലേക്ക് കടക്കുന്നത്. അതോടെ വാഹനങ്ങള്‍ മൂലമുണ്ടാകുന്ന വായു മലിനീകരണം ഗണ്യമായി കുറയും. എഞ്ചിന്‍ നിലവാരം വര്‍ധിക്കുന്നതിനൊപ്പം ഇന്ധന നിലവാരവും വര്‍ധിക്കേണ്ടതുണ്ട്. നിലവിലുള്ള ബിഎസ് 4 നിലവാരമുള്ള ഇന്ധനം 2010-ലാണ് ഏര്‍പ്പെടുത്തിയത്. എന്നാല്‍ പൂര്‍ണമായും ഈ നിലവാരത്തിലുള്ള ഇന്ധനം ലഭ്യമാക്കാന്‍ ഇപ്പോഴും സാധിച്ചിട്ടില്ല. എണ്ണ കമ്പനികള്‍ക്കും സര്‍ക്കാറിനും വന്‍ മുടക്കു മുതല്‍ ഇന്ധന നിലവാരം വര്‍ധിപ്പിക്കാന്‍ ആവശ്യമായതിനാല്‍ 2020-ഓടെ ബിഎസ് 6 നടപ്പാക്കുക എന്നത് വളരെ ശ്രമകരമായ ദൗത്യമാണെന്ന് ചുരുക്കം.

കോടതി വിധി എങ്ങനെ ബാധിക്കും?
സുപ്രീംകോടതിയുടെ പുതിയ വിധി വാഹനനിര്‍മ്മാതാക്കളെയും ഡീലര്‍മാരെയും കാര്യമായി ബാധിക്കുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. ബിഎസ് ഫോര്‍ ഗണത്തില്‍ പെടുന്ന വാഹനങ്ങളുടെ നിര്‍മ്മാണം അത്ര വ്യാപകമായിട്ടില്ല. 8.24 ലക്ഷം ബിഎസ്-3 വാഹനങ്ങളാണ് രാജ്യത്ത് സ്‌റ്റോക്കുള്ളത്. ഓഡര്‍ ലഭിച്ചത് വേറെയും. വന്‍ തുക ടാക്‌സ് കൊടുത്ത് ഇവിടെ നിര്‍മ്മിച്ചവര്‍ക്ക് വിധി കാര്യമായ ആശങ്കയാണ് നല്‍കുന്നത്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി വിശ്വസിച്ച് ഇവിടെയെത്തിയ നിര്‍മ്മാതാക്കളെ കുഴയ്ക്കുന്നതാണ് വിധിയെന്നും ആരോപണമുണ്ട്.
പുതിയ കണക്ക് പ്രകാരം ബി.എസ് ത്രീ ഗണത്തില്‍പെടുന്ന 180,000 ട്രക്കുകളാണ് വിറ്റുപോയത്. അത് തന്നെ ഏഴ് മുതല്‍ 10 ലക്ഷം വരെ വായ്പയെടുത്താവും ട്രക്കുകള്‍ വാങ്ങിയിട്ടുണ്ടാവുക. അതുകൊണ്ട് തന്നെ ഫിനാന്‍സ് കമ്പനികള്‍, ബാങ്കുകള്‍, ഡീലര്‍മാര്‍ എന്നിവര്‍ക്കും വിധി ആശങ്കയാണ് നല്‍കുന്നത്.

കോടതി ഉത്തരവ് ഏതൊക്കെ വാഹനങ്ങളെ ബാധിക്കും?
സുപ്രീംകോടതിയുടെ പുതിയ തീരുമാനം കാര്‍ നിര്‍മ്മാണ രംഗത്ത് കാര്യമായി ചലനമുണ്ടാക്കില്ലെന്നാണ് കണക്കുകൂട്ടല്‍. പുതിയ കാറുകള്‍ വരുന്നത് ഇപ്പോള്‍ തന്നെ ബി എസ് ഫോര്‍ ഗണത്തിലാണ്. അതേസമയം പഴയ കാറുള്ളവര്‍ ശ്രദ്ധിക്കേണ്ടി വരും. ബൈക്കുകള്‍, ബസ്, മൂന്ന് ചക്രമുള്ള വാഹനങ്ങള്‍, വാന്‍, ട്രക്ക് പോലുള്ള ചരക്ക് വാഹനങ്ങളെയും വിധി ബാധിക്കും.

ഇനി എന്ത്?
ഉത്തരവ് സുപ്രീംകോടതിയുടെതായതിനാല്‍ വിധി നടപ്പാക്കുന്നതില്‍ സാവകാശം ലഭിക്കുമോ എന്നാണ് അറിയാനുള്ളത്. പെട്ടെന്നുള്ള തീരുമാനം എന്തായാലും ഒച്ചപ്പാടുകള്‍ സൃഷ്ടിക്കും. ഇക്കാര്യത്തില്‍ സര്‍ക്കാറിന്‍റെ ഭാഗത്തു നിന്നുള്ള നീക്കവും കണ്ടറിയണം. എന്നാല്‍ ബി എസ് 3 വാഹനങ്ങള്‍ വന്‍വിലക്കുറവില്‍ വിറ്റഴിക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് പല വാഹനനിര്‍മ്മാതാക്കളുെമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വരുന്ന ഒരു ദിവസത്തിനുള്ളില്‍ ഇരുചക്രവാഹനങ്ങളാവും ഇങ്ങനെ വിലകുറച്ച് വില്‍ക്കാന്‍ നിര്‍മാതാക്കള്‍ ശ്രമിക്കുകയെന്നാണ് വിദഗ്ദര്‍ പറയുന്നത്.

