ഒരുകാലത്ത് ഇന്ത്യന്‍ വാഹന വിപണിയില്‍ തരംഗം സൃഷ്‍ടിച്ച വാഹനമായിരുന്നു ഹ്യുണ്ടായി സാന്‍ട്രോ. ചുരുങ്ങിയ സമയത്തിനുള്ളില്‍ ജനഹൃദയങ്ങള്‍ കീഴടക്കിയ ജനപ്രിയ വാഹനം. 1998-ല്‍ ടോള്‍ ബോയ് ഡിസൈനില്‍ ഇന്ത്യയിലെത്തിയ സാന്‍ട്രോ വളരെ പെട്ടെന്നാണ് മാരുതി സുസുക്കിക്ക് വെല്ലുവിളി ഉയര്‍ത്തിയത്. ഒടുവില്‍ നീണ്ട പതിനാറ് വര്‍ഷത്തിനു ശേഷം 2014-ല്‍ സാന്‍ട്രോ പെട്ടെന്നു വിട പറഞ്ഞപ്പോള്‍ വാഹനപ്രേമികള്‍ അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നു പോയിരുന്നു. കാരണം നിര്‍മാണം അവസാനിപ്പിക്കുമ്പോഴും വില്‍പ്പനയില്‍ സ്ഥിരതയാര്‍ന്ന പ്രകടനമായിരുന്നു ഈ ഹാച്ച്ബാക്കിന്റെത്. ഒരു മാസം ഏകദേശം 2000 യൂണിറ്റ് എന്ന നിലയില്‍ ചൂടപ്പം പോലെ വിറ്റു പോയിരുന്ന ഒരു വാഹനത്തെ ഒരു സുപ്രഭാതത്തില്‍ നഷ്‍ടമായാല്‍ എങ്ങനെ അവര്‍ അമ്പരക്കാതിരിക്കും?

എന്തിനാണ് സാന്‍ട്രോ നിര്‍ത്തിയതെന്ന് അന്വേഷിക്കുന്നവര്‍ക്ക് ഇപ്പോള്‍ ഇതാ ഒരു ഉത്തരം. ആ ഉത്തരവുമായെത്തിയിരിക്കുന്നത് മറ്റാരുമല്ല ബോളീവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ തന്നെയാണ്. ഗ്രെയിറ്റര്‍ നോയിഡയില്‍ നടക്കുന്ന പതിനാലാമത് ദില്ലി ഓട്ടോ എക്സ്പോ വേദിയില്‍ വച്ചാണ് ഹ്യൂണ്ടായ് കമ്പനിയുടെ ബ്രാൻഡ് അംബാസഡർ കൂടിയായ കിംഗ് ഖാന്‍ ആ രഹസ്യം വെളിപ്പെടുത്തിയത്.

വാഹനയാത്രികരുടെ സുരക്ഷ ഉറപ്പു നൽകുന്ന വാഹനങ്ങൾ മാത്രം റോഡിലിറക്കുന്നതിന്റെ ഭാഗമായാണു ഹ്യൂണ്ടായ് സാൻട്രോ കാറുകൾ പിന്‍വലിച്ചതെന്നാണ് താരം വ്യക്തമാക്കിയത്. രൂപഭംഗി, സുരക്ഷാസൗകര്യങ്ങള്‍, സാങ്കേതിക വിദ്യ എന്നിവ മെച്ചപ്പെടുത്തുന്നതിന് ഒപ്പംതന്നെ യാത്രികരുടെ സുരക്ഷയും ഉറപ്പാക്കാനാണു കമ്പനി ശ്രമിക്കുന്നതെന്നും ഷാറൂഖ് പറഞ്ഞു.

അതിനിടെ സാന്‍ട്രോ പുത്തന്‍ രൂപത്തില്‍ തിരിച്ചെത്തിയേക്കുമെന്നു നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുതുതലമുറ വെര്‍ണ പുറത്തിറക്കുന്ന ചടങ്ങില്‍ ഹ്യുണ്ടായി സിഇഒ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ വൈ കെ കൂ ആണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. ഇന്ത്യയില്‍ ഹ്യുണ്ടായി കുടുംബത്തിലെ പുതിയ കോംപാക്ട് കാര്‍ 2018ല്‍ അവതരിപ്പിക്കുമെന്നാണ് കൂ വ്യക്തമാക്കിയത്. നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ മോഡല്‍ അടിമുടി പുതിയ രൂപത്തില്‍ പിറവിടെയുത്ത സാന്‍ട്രോ ആണെന്നാണ് സൂചന.