ശത്രുക്കളില്‍ നിന്നും രക്ഷനേടാനും ശരീരം നന്നാക്കുന്നതിനുമൊക്കെയാണ് കുംഫു ഉള്‍പ്പെടെയുള്ള ആയോധനകലകൾ സഹായിക്കുന്നത്. എന്നാല്‍ കുംഫു പഠിച്ചാൽ വാഹനാപകടങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പറ്റും എന്നത് അപൂര്‍വ്വമായ അറിവായിക്കും. കുംഫു അറിയുന്നതു കൊണ്ടുമാത്രം ഗുരുതരമായ ഒരു ബൈക്ക് അപകടത്തില്‍ നിന്നും രക്ഷപ്പെടുന്ന ഒരു യുവാവിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

തായ്‌ലാൻഡില്‍ എതാനും മാസങ്ങള്‍ക്ക് മുമ്പ് നടന്ന റോഡപകടത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ബൈക്കിൽ ചീറിപ്പായുകയായിരുന്ന യുവാവ് എതിരെ വന്ന കാറിന്‍റെ മുന്നില്‍ നിന്നാണ് അതിസാഹസികമായി രക്ഷപ്പെടുന്നത്.

വളവില്‍ വച്ച് ഓവർടേക്ക് ചെയ്ത് വന്ന കാറില്‍ ബൈക്ക് ഇടിക്കുന്നതിന് തൊട്ടുമുമ്പ് യുവാവ് ബൈക്കിൽ നിന്ന് ചാടി രക്ഷപ്പെടുന്നതാണ് വീഡിയോയില്‍. കാറിലിടിക്കുന്ന ബൈക്ക് തെറിച്ചു പോകുന്നതും കാണാം. ബൈക്കില്‍ നിന്നും ചാടിയില്ലായിരുന്നെങ്കില്‍ യുവാവിന് ഗുരുതര പരിക്കേല്‍ക്കുകയോ ജീവന്‍ തന്നെ നഷ്‍ടമാകുകയോ ചെയ്യുമായിരുന്നുവെന്ന് ഉറപ്പ്.

ബൈക്ക് അമിത വേഗത്തിലായിരുന്നതും കാർ റോങ് സൈഡ് വന്നതുമാണ് അപകടത്തിന് കാരണം. കുംഫു പഠിച്ചതുകൊണ്ട് ലഭിച്ച മെയ്‌വഴക്കമാണ് യുവാവിനെ വലിയ അപകടത്തിൽ നിന്ന് രക്ഷിച്ചതെന്ന് പറഞ്ഞാണ് യൂട്യൂബിലുള്‍പ്പെടെ വീഡിയോ പ്രചരിക്കുന്നത്.