മഞ്ജു പത്രോസ് ഇന്നലെ ബിഗ് ബോസില്‍ നിന്നും പുറത്തായി. 50 ദിവസത്തെ മഞ്ജുവിന്റെ ബിഗ് ബോസ് ജീവിതത്തെ നമുക്ക് മൂന്നായി തിരിക്കാം. ഒന്നാം ഭാഗം രജിത്കുമാറിനോടുള്ള വിയോജിപ്പും അടിപിടിയും, രണ്ടാം ഭാഗം വീണയോടും ആര്യയോടും പാഷാണം ഷാജിയോടുമുള്ള ബന്ധം, മൂന്നാം ഭാഗം ഫുക്രുവിനെ 'അമ്മേടെ പൊന്നാ'യി കരുതിയ ദിവസങ്ങള്‍..

 

രജിത് കുമാര്‍ ആരെന്നോ എന്തെന്നോ മഞ്ജു പത്രോസിന് അറിയുമായിരുന്നില്ല. ബിഗ് ബോസ് വീട്ടിനകത്തുള്ള രജിത് കുമാറിനെയാണ് മഞ്ജു പരിചയപ്പെടുന്നത്. മഞ്ജു ഒരു ഫെമിനിസ്റ്റാണ്. വളരെ സാധാരണ ജീവിത സാഹചര്യത്തില്‍ വളര്‍ന്ന വ്യക്തിയാണ്. ചെറുപ്പം മുതല്‍ ബോഡി ഷെയ്മിംഗും 'കറുത്തവള്‍' എന്ന ആക്ഷേപവും കേട്ട് വളര്‍ന്നവളാണ്. ആ ജീവിത സാഹചര്യങ്ങളില്‍ നിന്നും ആര്‍ജിച്ചെടുത്തതാണ് മഞ്ജുവിന്റെ നിലപാടുകളും പെരുമാറ്റവും എല്ലാം. എല്ലാ വിഷയത്തിലും കുറച്ച് അഗ്രസീവായി, മുന്‍പിന്‍ നോക്കാതെ പ്രതികരിക്കുന്ന ആളായി മഞ്ജു മാറിയത് അങ്ങനെയാവാം. തന്നെ താന്‍ തന്നെ സംരക്ഷിക്കുകയും തനിക്കുചുറ്റും ഒരു സുരക്ഷാ വലയം താന്‍ തന്നെ ഒരുക്കുകയും വേണമെന്ന് മഞ്ജു ജീവിതത്തില്‍ നിന്നും പഠിച്ചതാണ്.

ആദ്യം മുതലേ മഞ്ജു, രജിത് കുമാറുമായി ആവശ്യത്തിനും അനാവശ്യത്തിനും യുദ്ധം ചെയ്തു കൊണ്ടിരുന്നു. എന്ത് കൊണ്ടോ മഞ്ജുവിന് രജിത് കുമാറിനെ ഒട്ടും അംഗീകരിക്കാന്‍ കഴിഞ്ഞില്ല. പലപ്പോഴും ആ അകല്‍ച്ച 'കുഷ്ഠരോഗിയുടെ മനസ്' എന്നുവരെ രജിത്കുമാറിനെ അധിക്ഷേപിക്കുന്ന അവസ്ഥയിലേക്ക് പോയി. രജിത്തുമായുള്ള  നിരന്തര യുദ്ധമാണ് ബിഗ് ബോസ് വീട്ടില്‍ മഞ്ജു പ്രധാനമായും ചെയ്തത്.

എന്നാല്‍ അതേസമയം മഞ്ജു, ആര്യയുടെയും വീണയുടെയും പാഷാണം ഷാജിയുടെയും ടീമിലെ പ്രധാന ആളായി മാറി. അവര്‍ ചെയ്യുന്ന ഒരു കാര്യങ്ങളെയും മഞ്ജു ചോദ്യം ചെയ്യുകയോ ആവശ്യത്തിന് പോലും അവരോട് വിയോജിക്കുകയോ ചെയ്തില്ല. ഇതാണ് പ്രേക്ഷകരില്‍ മഞ്ജുവിനെക്കുറിച്ച് കണ്‍ഫ്യൂഷന്‍ ഉണ്ടാക്കിയ പ്രധാന കാര്യം.

 

രജിത് കുമാര്‍ സുജോയെ 'മാങ്ങാണ്ടി മോറന്‍' എന്ന് വിളിക്കുമ്പോഴും 'പെണാളന്‍' എന്ന് വിളിക്കുമ്പോഴുമൊക്കെ പൊട്ടിത്തെറിക്കുന്ന മഞ്ജു, അതിലെ പൊളിറ്റിക്കല്‍ കറക്ട്‌നെസ് പറയുന്ന മഞ്ജു, മറ്റ് പലരും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ നിശ്ശബ്ദയായിരുന്നു. സെലക്ടീവ് വിമര്‍ശനം മഞ്ജുവിന് നെഗറ്റീവ് മാര്‍ക്കിടാന്‍ പ്രേക്ഷകരെ നിര്‍ബന്ധിതരാക്കി.

രജിത് കുമാര്‍ ബാത്റൂമില്‍ നിന്നും ഗ്ലാസില്‍ ചൂട് വെള്ളം എടുക്കുമ്പോള്‍ പൊട്ടിത്തെറിക്കുന്ന മഞ്ജു അലസാന്‍ഡ്ര അതേകാര്യം ചെയ്യുമ്പോള്‍ പ്രതികരിക്കുന്നില്ല. 'ഷി ഈസ് ഡെയ്ഞ്ചറസ് ആന്റ് കണ്ണിംഗ്' എന്നാണ് രജിത് കുമാര്‍ മഞ്ജു പത്രോസിനെക്കുറിച്ച് ബിഗ് ബോസില്‍ പറഞ്ഞത്. എന്നാല്‍ ആ വീട്ടിലെ മറ്റാര്‍ക്കും മഞ്ജുവിനെക്കുറിച്ച് അങ്ങനെ തോന്നിയിട്ടില്ല എന്നതാണ് അത്ഭുതവും ഐറണിയും. രജിത് കുമാര്‍ ഒഴികെയുള്ള എല്ലാവരുമായും നല്ലൊരു ബന്ധം നിലനിര്‍ത്താന്‍ മഞ്ജുവിന് കഴിഞ്ഞു. എന്നാല്‍ അതുതന്നെയാണ് മഞ്ജു പത്രോസ് എന്ന മത്സരാര്‍ഥിക്ക് വിനയായതും. എല്ലാവരുമായും ശക്തമായ സ്‌നേഹബന്ധം ഉണ്ടാക്കിയ മഞ്ജുവിന്, അതിനെ മറികടന്ന് ഗെയിം കളിക്കാന്‍ 50 ദിവസമായപ്പോഴേക്കും പ്രയാസമായി. അങ്ങനെ കളിയില്‍ മഞ്ജുവിന്റെ മത്സബുദ്ധി കുറഞ്ഞു.  ആര്യയുടെയും വീണയുടെയും പാഷാണം ഷാജിയുടെയും ഒപ്പം കൂടിയ മഞ്ജു വളരെ ദുര്‍ബലയായ ഒരു മത്സരാര്‍ത്ഥിയായി മാറി.

 

മൂന്നാമത്തെ മഞ്ജു ഫുക്രുവിനെ മകനായി മനസില്‍ സ്ഥാനം കൊടുത്ത മഞ്ജുവാണ്. ബിഗ് ബോസ് തുടങ്ങി ആദ്യ ദിവസങ്ങളില്‍ മഞ്ജു ബെര്‍ണാച്ചനെ കാണാന്‍ വേണ്ടി നിരന്തരം കരച്ചിലായിരുന്നു. അതിനിടയിലാണ് മഞ്ജു ഫുക്രുവില്‍  ബെര്‍ണാച്ചനെ കണ്ടെത്തുന്നത്. അതോടെ ബിഗ് ബോസ് ഗെയിമും മഞ്ജുവും വീണ്ടും മാറി. 'അമ്മേടെ പൊന്നാ'യി ഫുക്രുവിനെ കാണാന്‍ തുടങ്ങിയതോടെ മഞ്ജു എപ്പോഴും ഫുക്രുവിന് പുറകെ നടക്കാന്‍ തുടങ്ങി. അവന്‍ ഉറങ്ങുമ്പോള്‍പ്പോലും തലയ്ക്കല്‍ പോയിരുന്ന് പാട്ട് പാടുന്നത് ശീലമാക്കി.

ഇതില്‍ പ്രേക്ഷകര്‍ക്ക് മനസിലാവാത്ത ചില കാര്യങ്ങള്‍ ഉണ്ടായി

1. ബിഗ് ബോസില്‍ കയറുന്നതിന് തൊട്ടുമുന്‍പുള്ള അഭിമുഖത്തില്‍ മഞ്ജു പറയുന്നത് തനിക്ക് തന്റെ മകനെയല്ലാതെ മറ്റാരെയും മകനെ പോലെ കരുതാന്‍ കഴിയില്ല, മറ്റാരെങ്കിലും അങ്ങനെ പെരുമാറിയാല്‍ അത് അഭിനയമാണെന്ന് താന്‍ കരുത്തും എന്നുമാണ്. അതേ മഞ്ജു വീടിനകത്ത് കയറി ഫുക്രു തന്റെ മകനാണെന്ന് അവകാശപ്പെട്ടപ്പോള്‍ പ്രേക്ഷകര്‍ കണ്‍ഫ്യൂഷനിലായി. ഇത് അഭിനയമാണോ ജീവിതമാണോ എന്ന്..

2. ഇതൊരു ഗെയിമും ഫുക്രു അതിലെ മറ്റൊരു മത്സരാര്‍ഥിയുമാണല്ലോ. ഫുക്രുവിനെ കളിയ്ക്കാന്‍ പോലും അനുവദിക്കാത്ത തരത്തില്‍ മഞ്ജു ഇമോഷണല്‍ ബ്ലാക്ക് മെയിലിങ് ചെയ്യുന്നത് പ്രേക്ഷകര്‍ക്ക് അരോചകമായിത്തുടങ്ങി. ഫുക്രു മഞ്ജുവിനോട് സംസാരിക്കുന്നത് കുറച്ചു കുറഞ്ഞാല്‍ പോലും പൊട്ടിക്കരയുന്നതൊക്കെ ഗെയിം കാണുന്ന പ്രേക്ഷകര്‍ക്ക് അലോസരമായി.

3. സ്‌നേഹം പ്രകടിപ്പിക്കാന്‍ അറിയാത്തവരാണ് മലയാളികള്‍. അതിലുപരി വലിയ ഒരു സ്പെയ്സ് അവനവന് ചുറ്റും കൊണ്ടുനടക്കുന്നവര്‍ കൂടിയാണ് മലയാളികള്‍. ആ മലയാളികള്‍ക്കിടയില്‍ നിന്ന് മഞ്ജു ഫുക്രുവിനെ നിരന്തരം കെട്ടിപ്പിടിക്കുകയും ഉമ്മവെക്കുകയും ചെയ്തപ്പോള്‍ ചിലരുടെ സദാചാരക്കുരുക്കള്‍ മാലപ്പടക്കം പോലെ പൊട്ടി. പലരും പലതരത്തില്‍ സ്‌നേഹം പ്രകടിപ്പിക്കും എന്നതും മനുഷ്യര്‍ തമ്മില്‍ പല തരം ബന്ധങ്ങളുണ്ട് എന്നതും മറന്ന് ചിലരെങ്കിലും മഞ്ജുവിനെതിരെ സൈബര്‍ ആക്രമണവും ആരംഭിച്ചു.

 

ആ സാഹചര്യത്തിലാണ് മഞ്ജു ഇപ്പോള്‍ പുറത്തിറങ്ങുന്നത്. മഞ്ജുവിന് ഒരു മത്സരാര്‍ത്ഥി എന്ന നിലയില്‍ ഇതില്‍ കൂടുതലൊന്നും അവിടെ ചെയ്യാനുണ്ടെന്ന് തോന്നുന്നില്ല. 'അമ്മേടെ പൊന്നാ'യി മാറിയ മഞ്ജു കളിയില്‍ നിന്നും എന്നേ പുറത്തായിരുന്നു. അതിനാല്‍ ഈ സാഹചര്യത്തില്‍ മഞ്ജു പുറത്തിറങ്ങുന്നത് കളിയെ പല തരത്തില്‍ വഴി തിരിച്ചു വിടാന്‍ സഹായിക്കും.

1. രജിത് കുമാറിനൊരു  സ്ഥിരം എതിരാളി ഇനി ആ വീട്ടിലില്ല. അത് രജിത് കുമാറിന്റെ കളിയുടെ ശൈലി മാറ്റും.
2. ഫുക്രു വീണ്ടും ഗെയിമിലേക്ക് പൂര്‍വാധികം ശക്തനായി തിരിച്ചുവരും.
3. ആര്യ, വീണ, പാഷാണം  ടീമില്‍ നിന്നും മഞ്ജു പോകുമ്പോള്‍ അവര്‍ തമ്മിലുള്ള സമവാക്യത്തിനും മാറ്റം വരും.

അപ്പോള്‍ ബിഗ് ബോസ് വീട്ടില്‍ കളി തുടരുകയാണ്. മഞ്ജു ഇനി നമ്മള്‍ക്കൊപ്പം പുറത്തിരുന്നു കളി കാണട്ടെ. 50 ദിവസം ആ വീട്ടിലുള്ളവരുടെ മനസിലും പ്രേക്ഷകരുടെ മനസിലും നിറഞ്ഞു നിന്നതില്‍ മഞ്ജുവിന് അഭിമാനിക്കാം.