ബിഗ് ബോസ് മലയാളം സീസൺ 2 മത്സരാർത്ഥിയായിരുന്ന നടി മഞ്ജു പത്രോസ് തനിക്ക് ഷോയിൽ നിന്ന് ലഭിച്ച പ്രതിഫലം വെളിപ്പെടുത്തി. 50 ദിവസം ഷോയിൽ നിന്ന താൻ ഈ പണം ഉപയോഗിച്ചാണ് പുതിയ വീട് നിർമ്മിച്ചതെന്നും പറഞ്ഞു.
ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. വിവിധ മേഖലകളിലുള്ള ഒരുകൂട്ടം മത്സരാർത്ഥികളാണ് ബിഗ് ബോസിൽ ഉണ്ടായിരിക്കുക. സിനിമ, സീരിയൽ, വൈറൽ താരങ്ങൾ, കായികം, സംഗീതം, കോമഡി തുടങ്ങിയ മേഖലകളിൽ ഉള്ളവരായിരിക്കും ഇവർ. സമീപകാലത്തായി ഒരു കോമണർ മത്സരാർത്ഥിയും ഷോയില‍്‍ ഉണ്ടാകും. ഇവർക്കെല്ലാവർക്കും ഒരു നിശ്ചിത പ്രതിഫലം നൽകും. ഓരോ ദിവസവുമാകും പ്രതിഫലം ലഭിക്കുന്നത്. ഇത്തരത്തിൽ ആ മത്സരാർത്ഥി എത്ര ദിവസമാണോ ബിഗ് ബോസ് ഷോയിൽ നിൽക്കുന്നത് അത്രയും ദിവസം അവർക്ക് പ്രതിഫലം ലഭിക്കും.
ഇപ്പോഴിതാ ബിഗ് ബോസ് മലയാളം ഷോയിൽ തനിക്ക് ലഭിച്ച പ്രതിഫലം എത്രയെന്ന് തുറന്നു പറയുകയാണ് നടി മഞ്ജു പത്രോസ്. ഒരുദിവസം തനിക്ക് 45000 രൂപയാണ് ലഭിച്ചിരുന്നതെന്ന് മഞ്ജു വെളിപ്പെടുത്തുന്നു. ആ കാശൊക്കെ കൊണ്ടാണ് പുതിയ വീട് വച്ചതെന്നും താരം കൂട്ടിച്ചേർത്തു.
"എനിക്ക് അന്ന് ഒരു ദിവസം 45000 രൂപയായിരുന്നു ലഭിച്ചത്. അന്ന് ദിവസേന ആയിരുന്നു പേയ്മെന്റ്. ആ പൈസ കൊണ്ട് ഞാൻ ഒരു ലക്ഷപ്രഭുവും ആയില്ല. അതുകൊണ്ട് വീട് വച്ചു. അൻപതാമത്തെ ദിവസമാണ് ബിഗ് ബോസിൽ നിന്നും ഞാൻ എവിക്ട് ആകുന്നത്", എന്നായിരുന്നു മഞ്ജു പത്രോസിന്റെ വാക്കുകൾ. ബിഗ് ബോസ് മലയാളം സീസൺ 2ലെ മത്സരാർത്ഥിയായിരുന്നു മഞ്ജു പത്രോസ്.
അതേസമയം, ബിഗ് ബോസ് മലയാളം സീസൺ 7 ആണ് അടുത്തിടെ കഴിഞ്ഞത്. ആർട്ടിസ്റ്റും തിരുവനന്തപുരം സ്വദേശിനിയുമായ അനുമോൾ ആയിരുന്നു ടൈറ്റിൽ വിന്നറായത്. രണ്ടാമത് കോമണറായ അനീഷ് എത്തിയപ്പോൾ ഷാനവാസ്, നെവിൻ, അക്ബർ എന്നിവർ യാഥാക്രമം രണ്ടും മൂന്നും നാലും റണ്ണറപ്പുകളായി മാറി. അനുമോൾ ഷോ വിജയിക്കാൻ കാരണം പിആർ വർക്കാണെന്ന ആരോപണങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ടെങ്കിലും അതൊന്നും തന്നെ അനുവിനെ ബാധിക്കുന്നില്ലെന്നതാണ് വാസ്തവം. ഉദ്ഘാടനവും മറ്റുമായി അനുമോൾ മുന്നോട്ട് പോകുകയാണ്.



