ബിഗ് ബോസ് സീസണ്‍ രണ്ടില്‍ അനീതി നടക്കുന്നതായും രജിത് കുമാറിനെ തള്ളിയിട്ട ഫുക്രുവിനെ കാര്യമായി ശാസിക്കാന്‍ മോഹന്‍ലാല്‍ തയ്യാറായില്ലെന്നും പ്രശസ്ത സിനിമാ സീരിയല്‍ താരം മനോജ് നായര്‍. സിനിമാ താരം ബീന ആന്‍റണിയുടെ ഭര്‍ത്താവ് കൂടിയാണിദ്ദേഹം. സ്ഥിരം ബിഗ് ബോസ് പ്രേക്ഷകനായ തനിക്ക് രജിത്തിനോടുള്ള അനീതി കാണുമ്പോള്‍ വലിയ വിഷമം തോന്നാറുണ്ടെന്നും അദ്ദേഹം പറയുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. 

ബിഗ് ബോസ് വീട്ടില്‍ നടക്കുന്നത് നീതിയുക്തമായ കാര്യമല്ല.  ശനിയും ഞായറും ഒന്നുകൂടെ കാത്തിരിക്കുന്നത്, നമ്മുടെ പ്രിയപ്പെട്ട ലാലേട്ടന്‍ വന്ന് ഒരു ചീഫ് ജസ്റ്റിസായി നിന്ന് സംസാരിക്കുമെന്ന് കരുതി. പക്ഷെ ഇത്തവണ ലാലേട്ടന്‍ വന്ന് ഫുക്രുവിനെ ഒന്നും പറഞ്ഞില്ല. ബിഗ് ബോസ് പ്രേക്ഷകന്‍ എന്ന നിലയില്‍ രജിത് കുമാറിനെ തള്ളിയിട്ടത് ഒരു മോശം മെസേജാണ് സമൂഹത്തിന് കൊടുക്കുന്നത്.

ഒരു മുതിര്‍ന്ന ആളെ ഒരു കുട്ടി തള്ളിയിടുക, അല്ലെങ്കില്‍ അസഭ്യം പറയുക എന്നത് ഒരു മോശം സന്ദേശമാണ്. ഡോക്ടര്‍ രജിത് കുമാര്‍ വലിയ അറിവുള്ള മനുഷ്യനാണ്. അതിലുള്ള കണ്ടസ്റ്റന്‍റ്സ് ആരെങ്കിലും ആ അറിവുകള്‍ എല്ലാവര്‍ക്കും ഉപകാരപ്പെടുന്ന രീതിയില്‍ അവതരിപ്പിക്കാനുള്ള അവസരമുണ്ടാക്കാന്‍ ഒരു മത്സരാര്‍ത്ഥി പോലും ശ്രമിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിനെ ഭീകരമായി ആക്രമിക്കുകയാണ്. ഇതൊക്കെ കാണുമ്പോ വലിയ സങ്കടെ തോന്നുന്നു. എന്തായാലും കേരളം മുഴുവന്‍ രജിത് കുമാറിനെ ഏറ്റെടുത്തുകഴിഞ്ഞു.