ബിഗ് ബോസ് സീസണ്‍ രണ്ടില്‍ നിന്ന് നാടകീയമായ രജിത് കുമാറിന്‍റെ വിടവാങ്ങലിന് പിന്നാലെ രേഷ്മയും പുറത്തേക്ക്. കഴിഞ്ഞ ദിവസം വന്ന എപ്പിസോഡില്‍ രേഷ്മയുടെ അന്തിമ തീരുമാന പ്രകാരമായിരുന്നു രജിത് കുമാര്‍ ബിഗ് ബോസിന് പുറത്തേക്ക് പോയത്.  രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിന് താല‍്ക്കാലികമായി പുറത്താക്കിയ രജിത് കുമാര്‍ മോഹന്‍ലാല്‍ എത്തിയ ശനിയാഴ്ചയിലെ എപ്പിസോഡിലായിരുന്നു പുറത്തേക്ക് പോയത്. 

രേഷ്മ അച്ഛനും അമ്മയുമായും സംസാരിച്ച ശേഷമായിരുന്നു മാപ്പ് നല്‍കാമെങ്കിലും തിരിച്ച് വീട്ടിലേക്ക് രജിത് കുമാറിനെ കൊണ്ടുവരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചത്. അപ്രതീക്ഷിതമായ സംഭവവികാസങ്ങള്‍ക്കൊടുവില്‍ അത് മോഹന്‍ലാല്‍ പ്രഖ്യാപിച്ചു, രജിത് കുമാര്‍ ഷോയില്‍ നിന്ന് എന്നെന്നേക്കുമായി പുറത്തേക്ക് പോയി. രജിത് കുമാര്‍ തന്‍റെ സഹോദരിയെ പോലെയാണ് രേഷ്മയെന്നും തനിക്ക് പറ്റിയ അബദ്ധത്തിന് മാപ്പ് ചോദിക്കുന്നുവെന്നും രജിത് കുമാര്‍ പറഞ്ഞു. ഇതേ രീതിയില്‍ ആരെയും ഉപദ്രവിക്കുന്ന ആളല്ല ഞാനെന്നും, അങ്ങനെ വന്നതില്‍ ഖേദിക്കുന്നതായി അച്ഛനോടും അമ്മയോടുമായി രജിത് പറഞ്ഞു.

എപ്പിസോഡിന് മുമ്പ് ഇക്കാര്യത്തില്‍ നിയമപരമായി മുന്നോട്ടുപോകണോ എന്ന കാര്യത്തിലും രേഷ്മയും അച്ഛനും തമ്മില്‍ സംസാരിച്ച് തീരുമാനമെടുത്തിരുന്നു. മാപ്പ് പറയുകയാണെങ്കില്‍ കേസുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് രേഷ്മ തീരുമാനിച്ച് അറിയിക്കുകയും ചെയ്തു. ഇപ്പോഴിതാ പുതിയ പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഏഷ്യാനെറ്റ്. ദൃശ്യങ്ങളില്‍ എവിക്ഷനിലെത്തിയ ആളുകളോട് മോഹന്‍ലാല്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പറയുന്നു. തുടര്‍ന്ന് വോട്ടുകള്‍ കുറവ് ലഭിച്ച ഒരാള്‍ പുറത്തേക്ക് വരികയാണെന്ന് പറയുന്നു. പിന്നാലെ രേഷ്മയോട്  ബാഗ് പാക്ക് ചെയ്ത് തന്റെയടുത്തേക്ക് വരാന്‍ മോഹന്‍ലാല്‍ പറയുകയും ചെയ്യുകയായിരുന്നു.