ബിഗ് സീസണ്‍ രണ്ട് കൂടുതല്‍ കൂടുതല്‍ ഉദ്വേഗങ്ങള്‍ സമ്മാനിക്കുകയാണ്.  കണ്ണിന് അസുഖം ബാധിച്ച് നിരവധിപേര്‍ പുറത്തുപോയ സാഹചര്യത്തിലും ഷോ കൂടുതല്‍ രസകരമായി തന്നെ മുന്നോട്ടുപോവുകയാണ്. ഷോയ്ക്ക് തന്നെ ഭീഷണിയാകുന്ന തരത്തിലാണ് രോഗബാധയെന്ന് തോന്നിയെങ്കില്‍ ഓരോ സംഭവവികാസങ്ങളും ഷോയുടെ ഭാഗമാവുന്നതാണ് ഇപ്പോള്‍ കാണുന്നത്. അതു തന്നെയാണ് ബിഗ് ബോസ് ഷോയുടെ പ്രത്യേകതയും. 

ഇതുവരെ കണ്ണിന് അസുഖം ബാധിച്ച് നാലു പേര്‍ പുറത്തുപോയിക്കഴിഞ്ഞു. ആദ്യം പരീക്കുട്ടിക്കാണ് രോഗം വന്നതെങ്കിലും വോട്ടിങ്ങിന്‍റെ അടിസ്ഥാനത്തിലായിരുന്നു പുറത്തേക്കുള്ള വഴി തുറന്നത്. പിന്നീട് ചികിത്സയ്ക്കായി പോയ അലസാന്‍ഡ്ര, രേഷ്മ, രഘു, സുജോ എന്നിവരാണ് ഷോയില്‍ നിന്ന് പുറത്തേക്ക് പോയതായി ബിഗ്ബോസ് പ്രഖ്യാപിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം രണ്ടുപേരെ കൂടി പരിശോധനകള്‍ക്കായി ബിഗ് ബോസ് വീട്ടില്‍ നിന്നും താല്‍ക്കാലികമായി മാറ്റിനിര്‍ത്തിയിരിക്കുകയാണ്.ദയയെയും എലീനയെയുമാണ് ഇന്നലെ ചികിത്സയ്ക്കായി മാറ്റിയത്.

കഴിഞ്ഞ ദിവസം പറഞ്ഞതുപോലെ എലീനയും ഫുക്രുവും തമ്മിലുള്ള സൗഹൃദത്തിന്‍റെ ഒരു വൈകാരിക മുഹൂര്‍ത്തങ്ങളും ഇന്നലത്തെ എപ്പിസോഡില്‍ കാണാമായിരുന്നു. എലീനയ്ക്ക് കണ്ണിന് അസുഖമുണ്ടെന്നും പരിശോധിക്കണമെന്നും ആര്യയാണ് ബിഗ് ബോസിനോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് എലീനയെ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതായി അറിയിച്ചു. ടാസ്കിന്‍റെ ഭാഗമായി നേടിയ കോയിനുകള്‍ ഫുക്രുവിനെ ഏല്‍പ്പിച്ച് കണ്‍ഫഷന്‍ റൂമിലേക്ക് കയറുന്നതിന് തൊട്ടുമുമ്പ് ' ഫുക്രൂ... ബൈ ഡാ..' എന്ന് വിളിച്ചുപറഞ്ഞുകൊണ്ടാണ് എലീന പോയത്. അപ്പോഴേക്കും ഫുക്രുവിന്‍റെ മുഖത്ത് സങ്കടം നിഴലിച്ചിരുന്നു.

പിന്നീട് ഒരിടത്ത് മാറിയിരിക്കുകയായിരുന്ന ഫുക്രുവിനോട് മഞ്ജു ചെന്ന് സംസാരിക്കുന്നു. പെട്ടെന്ന് തിരിഞ്ഞ് "എന്താടീ മഞ്ജു' എന്ന് ചോദിക്കുന്ന ഫുക്രുവിനോട് എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് മഞ്ജു ചോദിച്ചു. വെറുതെ അടുത്ത ഗെയിമിനുള്ള പ്ലാനിങ്ങാണെന്നായിരുന്നു ഫുക്രു പറഞ്ഞത്. ടോയ്‍ലെറ്റ് കഴുകാന്‍ വരാന്‍ മഞ്ജു ആവശ്യപ്പെട്ടെങ്കിലും ഞാന്‍ കഴുകിക്കോളാമെന്ന് പറഞ്ഞ് ഒരു മൂലയിലേക്ക് നോക്കി ഫുക്രു അവിടെത്തന്നെയിരിക്കുകയായിരുന്നു.